rihanna

ന്യൂഡൽഹി :പോപ്പ് താരം റിഹാനയും സന്നദ്ധ പ്രവർത്തക ഗ്രെറ്റ തുൻബർഗും അടക്കം രാജ്യാന്തര സെലിബ്രിറ്റികളും പ്രമുഖ വ്യക്തിത്വങ്ങളും സമൂഹ മാദ്ധ്യമങ്ങളിലൂടെ കർഷക സമരത്തെ പിന്തുണച്ച് സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നതിനെ വിമർശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇവരുടെ പ്രതികരണങ്ങൾക്ക് കൃത്യയോ ഉത്തരവാദിത്വമോ ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.ചർച്ചകൾക്കും പ്രതിവാദങ്ങൾക്കും ശേഷമാണ് കാർഷിക മേഖലയെ പരിഷ്‌കരിക്കുന്ന നിയമങ്ങൾ ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്. ഈ പരിഷ്‌കാരങ്ങൾ വിപുലമായ വിപണി സാദ്ധ്യത, സാമ്പത്തിക, പാരിസ്ഥിതിക സുസ്ഥിര കൃഷി എന്നിവ കർഷകർക്ക് വാഗ്ദാനം നൽകുന്നു - വാർത്താക്കുറിപ്പിൽ പറയുന്നു.

അതിനിടെ റിഹാനക്കെതിരെ ബോളിവുഡ് നടി കങ്കണ റണാവത്ത് അടക്കം നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.''അവരെ കുറിച്ച് ആരും സംസാരിക്കില്ല കാരണം അവർ കർഷകരല്ല, തീവ്രവാദികളാണ്. മിണ്ടാതിരിക്കു വിഡ്ഢി, ഞങ്ങൾ നിങ്ങളെ പോലെ രാജ്യത്തെ വിൽക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് '' കങ്കണ ട്വീറ്റ് ചെയ്തത്.''ആഭ്യന്തര വിഷയത്തിൽ പുറത്തെ ഇടപെടൽ വേണ്ട'' എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പ്രഗ്യാൻ ഓജ പ്രതികരിച്ചത്. എന്നാൽ റിഹാനയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലോകത്താകെ ആയിരങ്ങളാണ് രംഗത്തെത്തിയത്.