
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. നന്ദിപ്രമേയ ചർച്ചയിൽ കർഷക സമരം ചർച്ച ചെയ്യാമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം കോൺഗ്രസ് രാജ്യസഭയിൽ അംഗീകരിച്ചെങ്കിലും ലോക്സഭയിൽ നിലപാട് മാറ്റി. കാർഷികനിയമങ്ങളിലും സമരത്തിലും പ്രത്യേക ചർച്ച വേണമെന്ന് ലോക്സഭയിൽ കോൺഗ്രസ് ആവശ്യപ്പെട്ടു. തുടർച്ചയായ പ്രതിപക്ഷ പ്രതിഷേധത്തിൽ പലതവണ നിറുത്തിവച്ച ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.
സഭ തുടങ്ങിയതോടെ കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി കർഷക സമര വിഷയം ഉന്നയിച്ചു. കോൺഗ്രസ്, ഡി.എം.കെ, ഇടത് പാർട്ടികൾ, തൃണമൂൽ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യസഭയിൽ കർഷക വിഷയം കൂടി ചർച്ച ചെയ്യാനായി നന്ദിപ്രമേയ ചർച്ച പത്തിൽനിന്ന് 15 മണിക്കൂറായി നീട്ടി. ഇതിൽ അഞ്ച് മണിക്കൂറോളം കർഷക സമരവിഷയം ചർച്ചചെയ്യാനാണ് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുണ്ടാക്കിയ ധാരണ. അതേസമയം, കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട സഭയിൽ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ആംആദ്മിയുടെ സഞ്ജയ് സിംഗ്, നരെയ്ൻ ദാസ് ഗുപ്ത, സുശീൽ കുമാർ ഗുപ്ത എന്നീ എം.പിമാരെ സീറ്റിലേക്ക് മടങ്ങാൻ രാജ്യസഭാഅദ്ധ്യക്ഷൻ വെങ്കയ്യനായിഡു ആവശ്യപ്പെട്ടിട്ടും പ്രതിഷേധം തുടർന്നതോടെ ഒരു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു.
പ്രധാനമന്ത്രി നേരിട്ട് തന്നെ പുതിയ നിയമങ്ങൾ പിൻവലിച്ചതായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു.
കർഷക സമരത്തിനിടെ മരിച്ച കർഷകർക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എസ്.പി നേതാവ് രാംഗോപാൽ യാദവ് ആവശ്യപ്പെട്ടു. ഗാസിപ്പൂരിലെ സുരക്ഷ സന്നാഹം പാക് അതിർത്തിയിൽ പോലുമില്ലെന്ന് അദ്ദേഹം വിമർശിച്ചു. അതേസമയം കർഷക സമരത്തെ മറ്റൊരു ഷഹീൻ ബാഗ് ആക്കരുതെന്ന് ബി.ജെ.പി എം.പി ഭൂവനേശ്വർ കലിറ്റ പറഞ്ഞു.