
ന്യൂഡൽഹി: സിറ്റിംഗ് സീറ്റായ പാലാ വിട്ടുനൽകേണ്ടെന്നും ഇടത് മുന്നണിയിൽ ഉറച്ച് നിൽക്കാനും ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറും കേരള നേതാക്കളും തമ്മിലുള്ള ചർച്ചയിൽ ധാരണയായി. പാല വിട്ടുനൽകേണ്ടി വന്നാൽ മറ്റൊരു ഉറച്ച സീറ്റും രാജ്യസഭാ സീറ്റും ചോദിക്കാനും ധാരണയായെന്നാണ് സൂചനകൾ.
ശരദ് പവാറിന്റെ വസതിയിൽ നടന്ന ചർച്ചയിൽ പ്രഫുൽ പട്ടേൽ, എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി പീതാംബരൻ, മന്ത്രി എ.കെ ശശീന്ദ്രൻ, പാലാ എം.എൽ.എ മാണി സി കാപ്പൻ എന്നിവരാണ് പങ്കെടുത്തത്. ചർച്ചയ്‌ക്കിടെ അപ്രതീക്ഷിതമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പവാറിൻറെ വസതിയിലെത്തി. കൂടുതൽ ചർച്ചകൾക്കായി പ്രഫുൽ പട്ടേൽ കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തും.