
ന്യൂഡൽഹി: ദീർഘകാല അവധിയിൽ പോയി ജോലിയിൽ തിരികെ പ്രവേശിക്കാത്തതിനെ തുടർന്ന് പിരിച്ചുവിട്ട കെ.എസ്.ആർ.ടി.സി. ജീവനക്കാരെ തിരിച്ചെടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് മോഹൻ എം. ശാന്തന ഗൗഡർ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
അതേസമയം, അപ്പീലിൽ പ്രതിപാദിക്കപ്പെട്ട നിയമപരമായ ചോദ്യങ്ങൾ നിലനിൽക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വിദേശത്ത് പോകുന്നതിനും മറ്റുമായി അഞ്ച് വർഷത്തെ അവധി അനുവദിക്കുന്നുണ്ട്. ഇങ്ങനെ അവധിയിൽ പോയ 136 ജീവനക്കാർക്ക്, ഉടൻ തിരിച്ചുവരണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി.കത്ത് നൽകി. എന്നാൽ, ഒരു വിഭാഗം മാത്രമാണ് തിരികെ പ്രവേശിച്ചത്. തുടർന്ന്, തിരിച്ചെത്താത്തവരെ പുറത്താക്കി കെ.എസ്.ആർ.ടി.സി ഉത്തരവിറക്കി.
ഹർജി ആദ്യം പരിഗണിച്ച ഹൈക്കോടതി, ജീവനക്കാർക്ക് അനുവദിക്കുന്ന അഞ്ചു വർഷത്തെ അവധി ചൂണ്ടിക്കാട്ടിയാണ് , പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് 2020 ഡിസംബർ 18ന് ഉത്തരവിറക്കിയത്. ഇതിനെതിരെയാണ് കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയിലെത്തിയത്.