
ന്യൂഡൽഹി : അയോദ്ധ്യയിൽ പള്ളി നിർമ്മിക്കാൻ സുന്നി വഖഫ് ബോർഡിന് നൽകിയ അഞ്ച് ഏക്കർ സ്ഥലത്തിൽ അവകാശവാദം ഉന്നയിച്ച് സഹോദരിമാർ ലക്‌നൗ ഹൈക്കോടതിയെ സമീപിച്ചു. ഡൽഹി സ്വദേശികളായ റാണി ബലൂജ, രമാ റാണി പഞ്ചാബി എന്നിവർ നൽകിയ ഹർജി അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് എട്ടിന് പരിഗണിക്കും.
തങ്ങളുടെ പിതാവ് ഗ്യാൻ ചന്ദ്ര പഞ്ചാബിയുടെ പേരിലുള്ള 28 ഏക്കറിൽ അഞ്ച് ഏക്കർ സ്ഥലമാണ് വഖഫ് ബോർഡിന് കൈമാറിയിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. വിഭജനകാലത്ത് പഞ്ചാബിൽ നിന്ന് വന്ന് പിതാവ് ഫൈസാബാദിൽ (ഇന്നത്തെ അയോദ്ധ്യ) താമസമാക്കിയ പിതാവിന് ധനിപൂർ വില്ലേജിൽ 28 ഏക്കർ അഞ്ചു വർഷത്തേക്ക് പതിച്ചുകിട്ടി. ആ കാലയളവിന് ശേഷവും ഭൂമി അദ്ദേഹത്തിന്റെ പേരിൽ തന്നെ തുടർന്നു. റവന്യൂ രേഖകളിൽ അത് രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് രേഖകളിൽ കൃതൃമം കാട്ടി പേരുകൾ നീക്കം ചെയ്തുവെന്നും ഇതിനെതിരെ പിതാവ് അയോദ്ധ്യ അഡിഷണൽ കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഹർജിക്കാർ ആരോപിക്കുന്നു. സെറ്റിൽമെന്റ് ഓഫിസറുടെ മുന്നിലുള്ള അപ്പീലിൽ തീരുമാനമാവുന്നത് വരെ ഭൂമി പള്ളിക്ക് വിട്ടുകൊടുത്ത ഉത്തരവ് മരവിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.