
ന്യൂഡൽഹി: ചെത്തുകാരന്റെ വീട്ടിൽ നിന്നുവന്ന പിണറായിക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ വാടകയ്ക്കെടുത്തത് അഭിമാനിക്കാൻ വകയുള്ളതല്ലെന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി കോൺഗ്രസ് നേതാവ് കെ.സുധാകരൻ എം.പി പറഞ്ഞു. ചെത്തുതൊഴിലാളിയെന്ന് പറയുന്നത് കുറ്റമാണോ?. വളർന്നുവന്ന സാഹചര്യം ഉയർന്ന നിലയിലെത്തുമ്പോൾ മറുന്നുപോകുന്നെന്നാണ് പറഞ്ഞതിന്റെ വ്യംഗ്യാർത്ഥമെന്നും സുധാകരൻ ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മാപ്പുപറയണമന്ന കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാന്റെ ആവശ്യത്തെയും രൂക്ഷമായി സുധാകരൻ വിമർശിച്ചു. സി.പി.എമ്മുകാർക്കില്ലാത്ത പ്രയാസം ഷാനിമോൾക്കെന്തിനാണ്. സി.പി.എം ആരോപിക്കാത്ത കാരണങ്ങൾ കോൺഗ്രസ് പാളയത്തു നിന്നുയർന്നതിൽ ഗൂഢാലോചന സംശയിക്കണമെന്നും നയം വ്യക്തമാക്കാൻ കെ.പി.സി.സി നേതൃത്വത്തിന് കത്തയച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
പിണറായിയുടെ പിതാവ് ചെത്തുകാരനായിരുന്നു. ഓരോ തൊഴിലിനും അതിന്റേതായ അന്തസില്ലേ. അതു പറഞ്ഞാലെന്താണ് കുറ്റം. എന്താണ് തെറ്റ്. ഭാഷ അറിയുന്ന പലരോടും ചോദിച്ചു. അവരൊന്നും അതിൽ തെറ്റുണ്ടെന്ന് പറഞ്ഞിട്ടില്ല.
തൊഴിലാളിവർഗത്തിന്റെ താത്പര്യം സംരക്ഷിക്കേണ്ടയാൾ പൊതു ഫണ്ട് സ്വന്തം സുഖത്തിനും സൗകര്യത്തിനും ഉപയോഗിക്കുന്നു. ഹെലികോപ്ടറിനായി ഒരു വർഷം 18 കോടി രൂപ ചെലവഴിച്ചു. അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങൾക്കും കുടുംബഭദ്രതയ്ക്കും ഭരണത്തിന്റെ സ്വാധീനം ഉപയോപ്പെടുത്തിയോ എന്നതാണ് ഞാൻ ഉദ്ദേശിച്ചത്. പറഞ്ഞത് മാറ്റിപ്പറയേണ്ട കാര്യമുണ്ടെന്ന് തോന്നിയിട്ടില്ല.
ഏതെങ്കിലും സി.പി.എം നേതാവ് പ്രതികരിച്ചോ? ഉമ്മൻചാണ്ടിക്കും മറ്റുമെതിരെ എന്തെല്ലാം കാര്യങ്ങൾ പലരും പറഞ്ഞിട്ടുണ്ട്. സംസ്കാരമില്ലാത്ത വാക്കുകൾ ഉപയോഗിച്ച് ആക്ഷേപിച്ചിട്ടില്ലേ. അന്നൊന്നും തോന്നാത്ത വികാരം ഷാനിമോൾക്ക് പിണറായിയെ വിമർശിച്ചപ്പോൾ തോന്നാൻ എന്തുപറ്റിയെന്നാണ് സംശയം. സി.പി.എം വിഷയമാക്കാത്തിടത്ത് കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നതിലെ രഹസ്യമെന്താ? പാർട്ടി പറയട്ടെ. എന്നിട്ട് ബാക്കി തീരുമാനിക്കാമെന്നും സുധാകരൻ പറഞ്ഞു.
കെ. സുധാകരൻ മാപ്പു പറയണം: മന്ത്രി എ.കെ. ബാലൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ജാതിപ്പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് കെ. സുധാകരൻ കേരളത്തിന്റെ പൊതു സമൂഹത്തിനു മുന്നിൽ മാപ്പു പറയണമെന്ന് മന്ത്രി എ.കെ. ബാലൻ ആവശ്യപ്പെട്ടു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിൽ ഗാന്ധി സ്മൃതി മന്ദിര സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.
"ചെത്തുകാരന്റെ മകൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നു, ഹെലികോപ്ടറിൽ സഞ്ചരിക്കുന്നു" എന്ന കെ. സുധാകരന്റെ പരാമർശം ഒരു കോൺഗ്രസുകാരനും അംഗീകരിക്കില്ല. ഷാനിമോൾ ഉസ്മാൻ വേദനയോടെ സുധാകരന്റെ പരാമർശത്തോട് പ്രതികരിച്ചു. അവരെയും അപമാനിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യയിൽ വികസനത്തിനും ക്ഷേമത്തിനും മാതൃക കാട്ടാൻ ഈ ചെത്തുകാരന്റെ മകന് കഴിഞ്ഞുവെന്നത് അഭിമാനമാണ്. വർഗസമരം നടത്തുന്ന തൊഴിലാളി വർഗത്തിൽ ജനിക്കുകയെന്നത് ഏതൊരു കമ്മ്യൂണിസ്റ്റുകാരനും അഭിമാനമാണ്. തൃശൂരിലെ അന്തിക്കാട്ടും ആലപ്പുഴ ജില്ലയിലും നടന്ന ഐതിഹാസികമായ ചെത്തുതൊഴിലാളി സമരങ്ങൾ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പകർന്ന ഊർജം ചെറുതല്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു.