c-v-kunjuraman

കേരളത്തിലെ ആദ്യകാല സാമൂഹ്യപരിഷ്കർത്താക്കളിൽ മുൻനിരക്കാരനായ സി.വി. കുഞ്ഞുരാമൻ എന്ന ഇതിഹാസ പുരുഷനായ പത്രാധിപന്, സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച തിരുവിതാംകൂർ ഉൾപ്പെടുന്ന കേരളത്തെ രാജ്യത്തിനാകെ മാതൃകയായ സംസ്ഥാനമാക്കി മാറ്റിയതിൽ വലിയ പങ്കുണ്ട്. അതിലെ ആദ്യ പങ്ക് ശ്രീനാരായണ ഗുരുവിന്റേതാണ്. അദ്ദേഹത്തിന്റെ ദർശനവും പ്രവ‌ർത്തനങ്ങളുമാണ് കേരളത്തിൽ ഇത്രയേറെ വിപ്ലവകരമായ പരിവർത്തനങ്ങൾ ഉണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്.

തിരഞ്ഞെടുപ്പു രാഷ്ട്രീയം വന്നശേഷം പാർട്ടികൾ തമ്മിലുള്ള മത്സരത്തിനിടയിൽ കേരളം വീണ്ടും ജാതിദ്വേഷവും മതദ്വേഷവുമുള്ള സംസ്ഥാനമായിത്തീരുമോ എന്ന ആശങ്ക പലർക്കുമുണ്ട്. എങ്കിലും, ഇന്നും ഇന്ത്യയിൽ മതസൗഹാർദ്ദത്തിന് മാതൃക കേരളം തന്നെയാണ്. അതിന് പ്രധാന കാരണക്കാരനായ ഗുരുദേവന്റെ അടുത്ത ശിഷ്യരിൽ സി.വി. കുഞ്ഞുരാമൻ. താൻ സ്ഥാപിച്ച കേരളകൗമുദിയിലൂടെയും ദീർഘകാലം പ്രവർത്തിച്ച എസ്.എൻ.ഡി.പി യോഗത്തിലൂടെയും ഗുരുദർശനവും സന്ദേശങ്ങളും പ്രാവർത്തികമാക്കുകയായിരുന്നു അദ്ദേഹം.

സി.വി. കുഞ്ഞുരാമൻ ജീവിച്ച കാലഘട്ടത്തിൽ കേരളത്തിലെ ഏറ്റവും അവഗണിക്കപ്പെട്ട പിന്നാക്ക സമുദായങ്ങളിൽ പ്രമുഖമായ ഈഴവസ മുദായത്തിലെ അംഗം ഒരു പത്രം തുടങ്ങാൻ സാഹസം കാണിച്ചത് ഇന്നോർക്കുമ്പോൾ അതിശയമാണ്. അതിനുള്ള സൗകര്യങ്ങളും സമ്പത്തും സി.വിക്കും ഈഴവ സമുദായത്തിനും ഇല്ലായിരുന്നു. അദ്ദേഹം രണ്ടും കല്പിച്ച് കേരളകൗമുദി ആരംഭിച്ചു. കേരളകൗമുദി വളർന്ന് മലയാളത്തിലെ പ്രധാന ദിനപത്രങ്ങളിലൊന്നായി മാറി.

സി.വി. കുഞ്ഞുരാമന്റെ കാലത്തെ കേരളകൗമുദിയുടെ മുഖപ്രസംഗങ്ങളും ലേഖനങ്ങളും വാർത്തകളും, സാമൂഹിക പരിഷ്കരണത്തിനും സാമൂഹിക നീതിക്കും വേണ്ടി നടത്തിയ പോരാട്ടങ്ങളും അതിശക്തമായിരുന്നു.

സി.വി. കുഞ്ഞുരാമന്റെ പുത്രൻ, പത്രാധിപർ കെ. സുകുമാരൻ കേരളകൗമുദിയെ പിന്നാക്ക സമുദായങ്ങൾക്കൊപ്പം തൊഴിലാളികളുടെയും കുടിയാന്മാരുടെയും പുരോഗമനശക്തികളുടെയും പടവാളും സംരക്ഷണ കേന്ദ്രവുമായി വളർത്തിയെടുത്തു.

കെ.സുകുമാരന്റെ കുളത്തൂർ പ്രസംഗം വായിക്കുമ്പോൾ ഇന്നും ആളുകൾക്ക് വികാരവും രോമാഞ്ചവുമുണ്ടാകും. ഇ.എം.എസിന്റെ കാലത്ത് ഭരണപരിഷ്കാര കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കപ്പെട്ടിരുന്നെങ്കിൽ കേരളത്തിലെ പിന്നാക്കക്കാരുടെ നില പരിതാപകരമാകുമായിരുന്നു. പിന്നാക്ക സംവരണം അട്ടിമറിക്കുന്ന ആ റിപ്പോർട്ടിനെതിരെയുള്ള കുളത്തൂർ പ്രസംഗം ഭരണസിരാകേന്ദ്രങ്ങളെ പിടിച്ചുകുലുക്കി. ഈഴവരാദി പിന്നാക്ക സമുദായങ്ങളെ സമരരംഗത്തേക്കിറക്കാൻ അതു പ്രേരിപ്പിച്ചു. അങ്ങനെയാണ് ആ റിപ്പോർട്ട് ചവറ്റുകുട്ടയിലേക്കു പോയത്.

യഥാർത്ഥത്തിൽ സി.വി. കുഞ്ഞുരാമനും പത്രാധിപർ സുകുമാരനുമാണ് പിന്നാക്ക സമുദായങ്ങളുടെ ഇന്നത്തെ പുരോഗതിയുടെ ഒരു പ്രധാന കാരണക്കാർ. പിന്നീടു വന്ന പത്രാധിപന്മാരായ എം.എസ്. മണിയും എം.എസ്. രവിയും ഇപ്പോൾ ദീപു രവിയുമെല്ലാം സി.വിയും പത്രാധിപർ സുകുമാരനും വെട്ടിത്തെളിച്ച പാതയിലൂടെത്തന്നെ മുന്നോട്ടു പോകുന്നു. പിന്നാക്ക സമുദായ താത്പര്യങ്ങൾക്ക് ഭീഷണിയുയർന്നാൽ ഭരണാധികാരികൾ ആരെന്നു നോക്കാതെ ശക്തമായ നിലപാടാണ് അന്നും ഇന്നും കേരളകൗമുദി സ്വീകരിക്കാറുള്ളത്.

1969- ലെ കോൺഗ്രസ് ഭിന്നിപ്പിനു ശേഷം, ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിലെ യുവജന വിഭാഗത്തിലെ മുന്നണിപ്പോരാളികളായാണ് ഞങ്ങളുടെ തലമുറ വളർന്നുവന്നത്. അക്കാലത്ത് ഞങ്ങളുടെ തലമുറയെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ച പത്രമാണ് കേരളകൗമുദി. അതിന് പ്രധാന കാരണക്കാരൻ പത്രാധിപർ സുകുമാരനായിരുന്നു. കെ.എസ്.യു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് തിരുവനന്തപരുത്ത് എത്തിയപ്പോഴാണ് ഞാൻ പേട്ടയിലുള്ള കേരളകൗമുദി ഓഫീസിലെത്തി അദ്ദേഹത്തെ കണ്ടത്. എന്തൊരു വാത്സല്യവും സ്നേഹവും പ്രോത്സാഹനവുമാണ് അദ്ദേഹം നൽകിയത്!

പ്രതിസന്ധിയുടെ കാലഘട്ടത്തിൽ വയലാർ രവിയും ഞാനും ഉമ്മൻ ചാണ്ടിയുമെല്ലമടങ്ങുന്ന ഞങ്ങളുടെ തലമുറയ്ക്ക്- കേരളത്തിലൊട്ടാകെ വളർന്നുവന്ന യുവജനനിരയ്ക്ക് നൽകിയ പ്രോത്സാഹനം ഞാൻ നന്ദിപൂർവം ഓർക്കുകയാണ്. സി.വിയുടെ 150-ാം ജന്മവാർഷിക വേളയിൽ, അദ്ദേഹം ധീരമായി വെട്ടിത്തുറന്ന പാതയിലൂടെ കേരളകൗമുദിക്ക് മുന്നോട്ടു പോകാനാകട്ടെയെന്ന് ആശംസിക്കുന്നു.