
ന്യൂഡൽഹി: ഇന്ത്യയുടെ ഭൂപടം ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ തെറ്റായി കാണിച്ച സംഭവത്തിൽ അതൃപ്തി അറിയിച്ചുവെന്നും പിന്നാലെ സംഘടന വെബ്‌സൈറ്റിൽ വിശദീകരണം നൽകിയെന്നും കേന്ദ്രസർക്കാർ. വെബ്‌സൈറ്റിൽ കേന്ദ്ര ഭരണ പ്രദേശങ്ങളായി ജമ്മു കാശ്മീരും ലഡാക്കും വേറെ നിറത്തിലാണോ കാണിച്ചിരിക്കുന്നതെന്ന ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദേശകാര്യവകുപ്പ് സഹമന്ത്രി വി. മുരളീധരനാണ് രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്.
'വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ചിത്രം ഏതെങ്കിലും ഒരു രാജ്യത്തിന്റെയോ ഭൂപ്രദേശത്തിന്റെയോ അതിർത്തിയുടെയോ ആധികാരികതയ്ക്കു മേൽ ലോകാരോഗ്യ സംഘടനയുടെ സ്വന്തം അഭിപ്രായമല്ല. കാണിച്ചിരിക്കുന്നത് അതിർത്തി രേഖകളുടെ ഏകദേശ രൂപമാണ്. ഇതിൽ അന്തിമ തീരുമാനം അതത് രാജ്യങ്ങളുടേത് ആയിരിക്കുമെന്നും ''വിശദീകരണത്തിൽ വ്യക്തമാക്കുന്നതായി മുരളീധരൻ പറഞ്ഞു.