
'പിണറായിയുടെ അച്ഛൻ തേരാപ്പാരാ നടക്കുകയായിരുന്നു'
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി കോൺഗ്രസ് നേതാവ് കെ.സുധാകരൻ എം.പി ആവർത്തിച്ചു.
തനിക്കെതിരെ കോൺഗ്രസിനുള്ളിൽ നിന്നുയർന്ന വിമർശനത്തിൽ ഗൂഢാലോചന
സംശയമുണ്ടായിരുന്നുവെന്നും, അതവിടെ നിൽക്കട്ടെയെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി നടത്തിയ എത്രയോ പ്രസ്താവനകൾ തിരുത്താതെ കിടക്കുന്നുവെന്ന് പറഞ്ഞ സുധാകരൻ, പിണറായിയുടെ പിതാവിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശവും നടത്തി.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവിനെ പിണറായി അധിക്ഷേപിച്ചിട്ടില്ലേ. അദ്ദേഹം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുമ്പോൾ, പിണറായിയുടെ അച്ഛൻ പിണറായി നഗരത്തിൽ തേരാപ്പാരാ നടക്കുകയായിരുന്നു. പിണറായിയുടെ അച്ഛൻ ചെത്തുതൊഴിലാളിയായിരുന്നു. അതിലെന്താണ് അപമാനം. താൻ ജാതി പറഞ്ഞിട്ടില്ല.
ബിഷപ്പ് സമൂഹത്തെ നികൃഷ്ട ജീവിയെന്ന് വിളിച്ചാക്ഷേപിച്ച മുഖ്യമന്ത്രി എന്ത് ആദരവാണ് പ്രതീക്ഷിക്കുന്നത്.എൻ.കെ. പ്രേമചന്ദ്രനെ പരനാറിയെന്നാണ് വിളിച്ചത്. വൈകിയെങ്കിലും അതിലൊരു ഖേദം തോന്നിയോ. മാദ്ധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞ സാമൂഹ്യബോധം ഏത് സംസ്കാരത്തിന്റെ പ്രതിഫലനമാണ്- സുധാകരൻ ചോദിച്ചു.
ഷാനിമോൾ തിരുത്തിയത് നല്ലത്
തന്റെ പ്രസംഗം കഴിഞ്ഞ് രണ്ടുദിവസത്തിന് ശേഷമാണ് സി.പി.എം നേതാക്കൾ പ്രതികരിച്ചത്. പെട്ടെന്നവർക്ക് ബോധോദയമുണ്ടായത് എന്തടിസ്ഥാനത്തിലാണ്? ഷാനിമോൾ ഉസ്മാന്റെ പ്രതികരണമാണ് അതിനിടയാക്കിയത്. ഷാനിമോൾ യാതൊരാവശ്യവുമില്ലാത്ത കാര്യത്തിൽ ഇടപെട്ടു. തെറ്റ് മനസിലാക്കി അവരത് തിരുത്തിയത് ആദരവോടെ സ്വീകരിക്കുന്നു. പ്രതിപക്ഷ നേതാവും പറഞ്ഞത് തിരുത്തിയിട്ടുണ്ട്. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലടക്കം പറഞ്ഞില്ലേ. എല്ലാവർക്കും ബോദ്ധ്യംവന്നു. അക്കാര്യത്തിൽ താൻ സംതൃപ്തനാണ്. അഭിപ്രായ വ്യത്യാസം പാർട്ടിക്കകത്ത് പറയാം. കാരശ്ശേരി മാഷിനെപ്പോലുള്ള ബുദ്ധിജീവികളെന്നു പറയുന്നവർ വിഷയത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും സുധാകരൻ ചോദിച്ചു.