pfizer

ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസർ സമർപ്പിച്ച അപേക്ഷ കമ്പനി പിൻവലിച്ചു. കഴിഞ്ഞയാഴ്ച ഡ്രഗ്‌സ് റഗുലേറ്ററി അതോറിട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ഇന്ത്യ ആവശ്യപ്പെട്ട കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിച്ച് അപേക്ഷ ഉടൻ സമർപ്പിക്കുമെന്നും കമ്പനി അറിയിച്ചു. യു.കെയിലും ബഹ്റിനിലും അനുമതി ലഭിച്ചതോടെ കഴിഞ്ഞ ഡിസംബറിലാണ് ഫൈസർ ഇന്ത്യയിൽ അനുമതി തേടിയത്.

ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയ്ക്ക് ആദ്യം അപേക്ഷ നൽകിയ വാക്‌സിൻ കമ്പനിയും ഫൈസറായിരുന്നു. എന്നാൽ ഇതിനുശേഷം അനുമതി തേടിയ കൊവാക്‌സിന്‍, കോവിഷീൽഡ് എന്നിവയ്ക്ക് ജനുവരിയിൽ അംഗീകാരം നൽകി.

അതേസമയം പ്രാദേശികതലത്തിൽ വാക്‌സിൻ പരീക്ഷണം നടത്താതെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാനുള്ള ഫൈസറിന്റെ അപേക്ഷ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗൈനേഷൻ നിരസിച്ചതായാണ് അറിയുന്നത്.

ഇന്ത്യ കയറ്റി അയച്ചത് 56 ലക്ഷം ഡോസ്

വിവിധ രാജ്യങ്ങൾക്കായി ഇന്ത്യ 56 ലക്ഷം ഡോസ് കോവിഡ് വാക്സിനുകൾ കയറ്റി അയച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, മൗറീഷ്യസ്, സീഷെൽസ്, ശ്രീലങ്ക, യു.എ.ഇ, മൊറോകോ, ഒമാൻ, ഈജിപ്ത്, അൽജീരിയ, കുവൈത്ത്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്ക് മരുന്ന് സൗജന്യമായി നൽകി. വാണിജ്യാടിസ്ഥാനത്തിൽ 100 ലക്ഷം ഡോസും വിവിധ രാജ്യങ്ങൾക്ക് നൽകിയെന്നും വദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ഇനി 1.5 ലക്ഷം രോഗികകൾ മാത്രം

രാജ്യത്ത് കൊവിഡ് ചികിത്സയിൽ ഇനി ഒന്നര ലക്ഷം (1,51,460 ) രോഗികകൾ മാത്രമേയുള്ളുവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗം ബാധിച്ച 1,08,02,591 പേരിൽ 1,04,96,308 പേരും രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12,408 പേർക്ക് രോഗം സ്ഥിരീകരിച്ചു. 120 മരണങ്ങളും റപ്പോർട്ട് ചെയ്തു. 49,59,445 ആളുകൾ രാജ്യത്ത് കൊവിഡ് വാക്‌സിൻ കുത്തിവയ്പ് എടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു