farmers

ന്യൂഡൽഹി: പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കർഷക സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി റോഡ് ഉപരോധിക്കും. ദേശീയപാതകളിലും സംസ്ഥാന പാതകളിലും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെയാണ് ഉപരോധം. സ്‌കൂൾ ബസുകൾ, ആംബുലൻസുകൾ, മറ്റ് അവശ്യസർവീസുകൾ എന്നിവയെ ഒഴിവാക്കും. സമാധാനപരമായി സമരം സംഘടിപ്പിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു. മൂന്നു മണിയാകുമ്പോൾ ഒരു മിനിട്ട് നേരം വാഹനങ്ങളുടെ സൈറൺ മുഴക്കി സമരം അവസാനിപ്പിക്കും. കരിമ്പ് വിളവെടുപ്പു സമയമായതിനാൽ ഉത്തരാഖണ്ഡിൽ ഉത്തർപ്രദേശിലും റോഡ് ഉപരോധമുണ്ടാവില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. ഡൽഹിയിൽ കേന്ദ്രസർക്കാർ തന്നെ റോഡ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിനാൽ ഉപരോധമില്ലെന്ന് കർഷക നേതാക്കൾ പരിഹസിച്ചു.

അതേസമയം കർഷകസമരം അവസാനിപ്പിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ സമവായശ്രമം തുടങ്ങിയിട്ടുണ്ട്. മദ്ധ്യസ്ഥശ്രമങ്ങൾക്കായി പഞ്ചാബിൽ നിന്നുള്ള ഉദ്യോഗസ്ഥസംഘം ഡൽഹിയിൽ തുടരുകയാണ്. കേന്ദ്രസർക്കാരുമായും കർഷകസംഘടനകളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. പുതിയ നിയമങ്ങൾ ഒന്നരവർഷം വരെ മരവിപ്പിക്കാം എന്നതാണ് കേന്ദ്രനിലപാട്. ഇത് മൂന്നുവർഷമാക്കി ഉയർത്താനാകുമോയെന്നാണ് പഞ്ചാബിലെ മദ്ധ്യസ്ഥ സംഘത്തിന്റെ ശ്രമം.


അമിത് ഷാ സുരക്ഷ വിലയിരുത്തി

റോഡ് ഉപരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാസന്നാഹങ്ങൾ സംബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തി. ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹി, യു.പി, ഹരിയാന സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ യോജിച്ച് നീങ്ങും. കർഷകർ ഡൽഹിക്ക് കടക്കാതിരിക്കാൻ വിവിധ തട്ടിലുള്ള സുരക്ഷാക്രമീകരണങ്ങൾ സിംഘു, ഗാസിപ്പുർ അതിർത്തിയിലടക്കം ഒരുക്കി. ഇവിടങ്ങളിൽ വൻ തോതിൽ ബാരിക്കേഡുകളും മുള്ളുവേലികളും സ്ഥാപിച്ചിട്ടുണ്ട്. ഹരിയാനയിലും പൊലീസ് മുൻകരുതൽ നടപടികൾ തുടങ്ങി.

സമരക്കാർക്ക് ലോണും ജോലിയും നൽകില്ല !

ബി.ജെ.പി ഭരണത്തിലുള്ള ഉത്തരാഖണ്ഡിലും ബീഹാറിലും സമരത്തെ അനുകൂലിച്ച് പ്രവർത്തനം നടത്തുന്നവർക്കെതിരെ നടപടി തുടങ്ങി. സമരക്കാർക്ക് പാസ്‌പോർട്ട് വെരിഫിക്കേഷൻ ക‌ർശനമാക്കും. ആയുധ ലൈസൻസും അനുവദിക്കില്ല. ബീഹാറിൽ ഇവരെ സർക്കാർ ജോലിക്കും ബാങ്ക് വായപ്കൾക്കും പരിഗണിക്കാതിരിക്കാനുള്ള നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട്.

നിരോധനാജ്ഞ മറികടന്ന് മഹാപഞ്ചായത്തിൽ ആയിരങ്ങൾ

ന്യൂഡൽഹി: നിരോധനാജ്ഞ മറികടന്ന് ആയിരക്കണക്കിന് കർഷകർ കർഷക സമരത്തിന് പിന്തുണയറിയിച്ച് കൊണ്ട് യു.പിയിലെ കിസാൻ മഹാ പഞ്ചായത്തിൽ അണിചേർന്നു.പശ്ചിമ യു.പിയിലെ ഷാംലിയിലെയും സമീപ ജില്ലകളിലെയും കർഷകർ ട്രാക്ടറുകളിലും മറ്റുമായാണ് ഷാംലിയിലെ ബൈൻസ്വാൾ ഗ്രാമത്തിലെ മഹാപഞ്ചായത്തിന് എത്തിയത്. യോഗത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. 144 പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ മറികടന്നാണ് രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി) സംഘടിപ്പിച്ച യോഗത്തിൽ ആളുകളെത്തിയത്. ആർ.എൽ.ഡി വൈസ് പ്രസിഡന്റ് ജയന്ത് ചൗധരി, ഖാപ്പ് നേതാക്കൾ, ഭാരതീയ കിസാൻ യൂണിയൻ അംഗങ്ങൾ തുടങ്ങിയവർ യോഗത്തിനെത്തി. വൻതോതിൽ പൊലീസിനെ ഇവിടെ വിന്യസിച്ചിരുന്നു. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പശ്ചിമ യു.പിയിൽ നടക്കുന്ന നാലാമത്തെ മഹാപഞ്ചായത്താണ് ഷാംലിയിലേത്.

പ്രതിഷേധം ഒരു സംസ്ഥാനത്തിൽ മാത്രം; കർഷകരെ ഇളക്കിവിടുന്നു: കൃഷിമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ മാത്രമാണ് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധമുയരുന്നതെന്ന് പരോക്ഷമായി സൂചിപ്പിച്ച് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ. കർഷക നേതാക്കളുമായി ചർച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. ഒരു സംസ്ഥാനത്ത് മാത്രമാണ് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധമുയരുന്നത്. കർഷകരെ തെറ്റിദ്ധരിപ്പിച്ച് ഇളക്കിവിടുകയാണ്. കൃഷിക്കായി വെള്ളം വേണമെന്ന് ലോകത്തിലെ എല്ലാവർക്കും അറിയാം. കോൺഗ്രസിന് മാത്രമേ ചോര കൊണ്ട് കൃഷി നടത്താനാകൂ. പുതിയ നിയമങ്ങളെ എതിർക്കുന്ന കർഷക സംഘടനകൾക്കും പ്രതിപക്ഷ പാർട്ടികൾക്കും നിയമത്തിലെ ഒരു തെറ്റ് പോലും ചൂണ്ടിക്കാട്ടാനായിട്ടില്ല. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പ്രധാന നടപടികളിലൊന്നാണ് പുതിയ നിയമങ്ങൾ. ഇവ നടപ്പാക്കിയാൽ തങ്ങളുടെ ഭൂമി മറ്റുള്ളവർ കൈയടക്കുമെന്ന് കർഷകർ തെറ്റിദ്ധരിച്ചിരിക്കുകയാണ്. കരിനിയമം എന്ന് വിളിക്കുന്നവർ എന്താണ് ന്യൂനത എന്നുപറയുന്നില്ല. പ്രശ്നമെന്താണെന്ന് ചൂണ്ടിക്കാണിച്ചാൽ പരിഹരിക്കാമെന്ന് എല്ലാ ചർച്ചയിലും ചോദിച്ചെങ്കിലും ആരും ഉത്തരം നൽകിയില്ല. കർഷകരെ അപമാനിക്കുന്ന ഒരറ്റ അക്ഷരം പോലും ഞങ്ങൾ പറഞ്ഞിട്ടില്ല. കർഷക ക്ഷേമത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. തുറന്ന ചർച്ചകൾക്ക് കേന്ദ്രം എപ്പോഴും തയാറാണ്. ഒരു ശുപാർശ കർഷക നേതാക്കൾക്ക് മുന്നിൽവച്ചിട്ടുണ്ട്. അവരുടെ മറുപടി ലഭിച്ചശേഷം ചർച്ച നടക്കും. കേന്ദ്രം ഭേദഗതിക്ക് തയാറാണ് എന്നതിനർത്ഥം നിയമങ്ങളിൽ അപാകതയുണ്ട് എന്നല്ലെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവെ തോമർ പറഞ്ഞു. പ്രതിഷേധം ഒരു സംസ്ഥാനത്തിൽ മാത്രം; കർഷകരെ ഇളക്കിവിടുന്നു: കൃഷിമന്ത്രി ന്യൂഡൽഹി: കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ മാത്രമാണ് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധമുയരുന്നതെന്ന് പരോക്ഷമായി സൂചിപ്പിച്ച് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ. കർഷക നേതാക്കളുമായി ചർച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. ഒരു സംസ്ഥാനത്ത് മാത്രമാണ് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധമുയരുന്നത്. കർഷകരെ തെറ്റിദ്ധരിപ്പിച്ച് ഇളക്കിവിടുകയാണ്. കൃഷിക്കായി വെള്ളം വേണമെന്ന് ലോകത്തിലെ എല്ലാവർക്കും അറിയാം. കോൺഗ്രസിന് മാത്രമേ ചോര കൊണ്ട് കൃഷി നടത്താനാകൂ. പുതിയ നിയമങ്ങളെ എതിർക്കുന്ന കർഷക സംഘടനകൾക്കും പ്രതിപക്ഷ പാർട്ടികൾക്കും നിയമത്തിലെ ഒരു തെറ്റ് പോലും ചൂണ്ടിക്കാട്ടാനായിട്ടില്ല. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പ്രധാന നടപടികളിലൊന്നാണ് പുതിയ നിയമങ്ങൾ. ഇവ നടപ്പാക്കിയാൽ തങ്ങളുടെ ഭൂമി മറ്റുള്ളവർ കൈയടക്കുമെന്ന് കർഷകർ തെറ്റിദ്ധരിച്ചിരിക്കുകയാണ്. കരിനിയമം എന്ന് വിളിക്കുന്നവർ എന്താണ് ന്യൂനത എന്നുപറയുന്നില്ല. പ്രശ്നമെന്താണെന്ന് ചൂണ്ടിക്കാണിച്ചാൽ പരിഹരിക്കാമെന്ന് എല്ലാ ചർച്ചയിലും ചോദിച്ചെങ്കിലും ആരും ഉത്തരം നൽകിയില്ല. കർഷകരെ അപമാനിക്കുന്ന ഒരറ്റ അക്ഷരം പോലും ഞങ്ങൾ പറഞ്ഞിട്ടില്ല. കർഷക ക്ഷേമത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. തുറന്ന ചർച്ചകൾക്ക് കേന്ദ്രം എപ്പോഴും തയാറാണ്. ഒരു ശുപാർശ കർഷക നേതാക്കൾക്ക് മുന്നിൽവച്ചിട്ടുണ്ട്. അവരുടെ മറുപടി ലഭിച്ചശേഷം ചർച്ച നടക്കും. കേന്ദ്രം ഭേദഗതിക്ക് തയാറാണ് എന്നതിനർത്ഥം നിയമങ്ങളിൽ അപാകതയുണ്ട് എന്നല്ലെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവെ തോമർ പറഞ്ഞു.