
ന്യൂഡൽഹി: കൊവിഡിനെതുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയ കേരളത്തിൽ നിന്നടക്കമുള്ള മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഉടൻ ചൈനയിലേക്ക് മടങ്ങാനാവില്ല. ചൈനയിൽ വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ചൈന നിയന്ത്രണങ്ങൾ കർശനമാക്കിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയ അഡിഷണൽ സെക്രട്ടറി നവീൻ ശ്രീവാസ്തവ തോമസ് ചാഴിക്കാടൻ എം.പിയെ അറിയിച്ചു. കൊവിഡ് സാഹചര്യം മാറുന്നതിനനുസരിച്ച് നിലവിലുള്ള യാത്ര വിലക്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നീക്കുമെന്നാണ് ചൈനീസ് അധികൃതർ ഇന്ത്യയെ അറിയിച്ചിരുന്നത്. എന്നാൽ ചൈനയിൽ വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ യാത്രാവിലക്ക് നടപ്പാക്കുകയാണ്. വിഷയം വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ എംബസിയും നിരന്തരം ചൈനീസ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. വിദ്യാർത്ഥികൾ ഇന്ത്യൻ എംബസി വെബ്‌സൈറ്റ് സ്ഥിരമായി നോക്കണം. കോളേജ് അധികൃതരുമായും തുടർച്ചയായി ബന്ധപ്പെടണമെന്നും വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചു.