
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ നാലാംദിവസവും ലോക്‌സഭ സ്തംഭിച്ചു. നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, ഇടത് പാർട്ടികൾ, തൃണമൂൽ, ഡി.എം.കെ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിലെ എം.പിമാർ മുദ്രാവാക്യം മുഴക്കി. പലതവണ ലോക്‌സഭ നിറുത്തിവച്ചു. തുടർന്ന് തിങ്കളാഴ്ച ചേരാനായി സഭ പിരിഞ്ഞു. ഡൽഹി അതിർത്തികളിൽ സമരം നടത്തുന്ന കർഷകരുടെ പ്രതിഷേധത്തെ കേന്ദ്ര സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണെന്ന്
ബെന്നി ബഹനാൻ എം.പി ലോക്‌സഭയിൽ പറഞ്ഞു. മൂന്ന് മാസത്തോളമായുള്ള കൊടും തണുപ്പിനെ അവഗണിച്ചാണ് കർഷകർ സമരം നടത്തുന്നത്. കാർഷിക നിയമങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാൻ പോലും പാർലമെന്റ് മെനക്കെട്ടില്ല. കർഷകർക്ക് വേണ്ടാത്ത കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നും എം.പി സഭയിൽ ആവശ്യപ്പെട്ടു .