
ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബർഗ് ട്വിറ്ററിൽ പങ്കുവച്ച കർഷക സമരത്തെ എങ്ങനെ പിന്തുണയ്ക്കാമെന്നുള്ള ടൂൾകിറ്റിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി ഡൽഹി പൊലീസ്. ഇ-മെയിൽ അടക്കമുള്ള വിവരങ്ങൾ ഗൂഗിളിനോടും മറ്റ് സമൂഹമാദ്ധ്യമ സ്ഥാപനങ്ങളോടും പൊലീസ് ആവശ്യപ്പെട്ടു. കർഷക സമരവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് പൊലീസ് കണ്ടെത്തിയ അക്കൗണ്ടുകളുടെ വിവരങ്ങളും തേടി. ഗ്രെറ്റ പങ്കുവച്ച ഈ ടൂൾ കിറ്റ് തയാറാക്കിയത് ഖാലിസ്ഥാൻ അനുകൂലികളാണെന്നാണ് ഡൽഹി പൊലീസ് ആരോപണം. സംഭവത്തിൽ അന്താരാഷ്ട്ര ഗൂഢാലോചന ആരോപിച്ച് കഴിഞ്ഞദിവസം ഡൽഹി പൊലീസ് സൈബർ സെൽ വിഭാഗം കേസെടുത്തിരുന്നു. യു.എസ് കേന്ദ്രീകരിച്ചുള്ള ഖാലിസ്ഥാനി സംഘടനയായ സിക്ക്‌സ് ഫോർ ജസ്റ്റിസിനെതിരെ അന്വേഷണം നടത്താൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയിരുന്നു.
ടൂൾകിറ്റ്?
1.ഒരു വിഷയമോ ഉദ്ദേശ്യമോ വിശദീകരിക്കാൻ നിർമിക്കുന്ന ലഘുലേഖയോ രേഖയോ ആണ് ടൂൾകിറ്റ്
2. താഴേത്തലത്തിൽ ആ വിഷയത്തെ ഏതു തരത്തിൽ അഭിസംബോധന ചെയ്യണമെന്ന വിശദീകരിക്കും
ഗ്രെറ്റ പങ്കുവച്ച ടൂൾ കിറ്റിൽ പറയുന്നത്
കർഷകർക്ക് അനുകൂലമായി ആഗോളതലത്തിൽ ഡിജിറ്റൽ സ്‌ട്രൈക്ക് നടത്തണം.
ഇന്ത്യൻ സർക്കാരിന് മുകളിൽ രാജ്യാന്തര സമ്മർദ്ദമുണ്ടാക്കേണ്ടത് അനിവാര്യമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കൃഷിമന്ത്രി നരേന്ദ്ര തോമറെയും ടാഗ് ചെയ്തുവേണം കർഷക അനുകൂല പോസ്റ്റുകൾ ട്വീറ്റ് ചെയ്യേണ്ടത്.
ഏതു രാജ്യത്തായാലും പ്രദേശിക പ്രതിനിധിയെ കണ്ടെത്തി വിഷയം ശ്രദ്ധയിൽപ്പെടുത്തണം. സർക്കാർ പ്രതിനിധികൾക്ക് മെയിൽ അയയ്ക്കണം. അതിനുള്ള എല്ലാ വിവരങ്ങളും ടൂൾ കിറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 13, 14 തീയതികളിൽ മാദ്ധ്യമ സ്ഥാപനങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, വിദേശത്തുള്ള ഇന്ത്യൻ എംബസികൾ, തുടങ്ങിയവയ്ക്കു സമീപം ഏതു തരത്തിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ടൂൾകിറ്റിൽ പറയുന്നു.
പ്രതിഷേധത്തിന്റെ ചിത്രങ്ങൾ ഹാഷ് ടാഗ് സഹിതം സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്യണം.
ദുർബലവിഭാഗത്തിനെതിരെ അതിശക്തമായ മനുഷ്യാവകാശലംഘനം നടത്തുന്ന ചരിത്രമാണ് ഇന്ത്യയ്ക്കുള്ളതെന്നും ടൂൾകിറ്റിൽ കുറ്റപ്പെടുത്തുന്നു.