farmers-protest

ന്യൂഡൽഹി: കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ആഴ്ചതോറും രാജ്യവ്യാപക പ്രക്ഷോഭം

സംഘടിപ്പിക്കാൻ കർഷക സംഘടനകളുടെ നീക്കം. ഇന്നലെ നടന്ന വഴിതടയൽ സമരം വിജയമായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ഇന്നലെ രാജ്യവ്യാപകമായി കർഷകർ മൂന്ന് മണിക്കൂറാണ് ദേശീയ-സംസ്ഥാന പാതകൾ ഉപരോധിച്ചത്. പഞ്ചാബിലും ഹരിയാനയിലും പ്രതിഷേധം പൂർണമായിരുന്നു. രണ്ടുമാസത്തിലേറെയായി റോഡ് ഉപരോധം നടക്കുന്നതിനാൽ ഡൽഹിയിലും കരിമ്പ് വിളപ്പെടുപ്പായതിനാൽ പശ്ചിമ യു.പിയിലും വഴിതടയൽ ഉണ്ടാകില്ലെന്ന് കർഷക നേതാക്കൾ അറിയിച്ചിരുന്നു.റോഡിന് കുറുകെ വാഹനങ്ങളിട്ടും ധർണനടത്തിയുമാണ് കർഷകർ പലയിടത്തും പ്രതിഷേധിച്ചത്. ഡൽഹി ഫോർ ഫാർമേഴ്‌സ് എന്ന പേരിൽ ഡൽഹിയിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയ 100ലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐ.ടി.ഒയിലെ ഷഹീദി പാർക്കിന് സമീപത്തുവച്ച് സി.പി.ഐ നേതാവ് ആനിരാജഅഖിലേന്ത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, ട്രഷറർ എസ്. പുണ്യവതി, എസ്.എഫ്.ഐ ഡൽഹി സംസ്ഥാന പ്രസിഡന്റ് സുമിത് കട്ടാരിയ തുടങ്ങിയവരെ മുൻകരുതൽ നടപടിയെന്ന നിലയിൽ കസ്റ്റഡിയിലെടുത്ത് രാജേന്ദ്രനഗർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയായിരുന്നു ഡൽഹിയിൽ ഒരുക്കിയത്.

മണ്ഡി ഹൗസ്, ഐ.ടി.ഒ എന്നിവ ഉൾപ്പെടെ പത്ത് മെട്രോ സ്‌റ്റേഷനുകൾ ഡൽഹിയിൽ അടച്ചു. സമൂഹമാദ്ധ്യമങ്ങളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. ഡൽഹിയിൽ സ്ഥിതി സമാധാനപരമായിരുന്നെന്നും ഗതാഗതം സാധാരണനിലയിലായിരുന്നെന്നും ഡൽഹി പൊലീസ് അറിയിച്ചു.
സിംഘു, തിക്രി, ഗാസിപ്പൂർ അതിർത്തികളിൽ ഇന്നലെ അർദ്ധരാത്രിവരെ ഇന്റർനെറ്റ് വിലക്കിയിരുന്നു. ഹരിയാനയിലെ വിവിധയിടങ്ങളിലും മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി.

ഹരിയാനയിലെ കർണാൽ ജില്ലയിൽ 11 ഇടങ്ങളിൽ കർഷകർ റോഡ് ഉപരോധിച്ചു. ദേശീയ പാത 44ൽ ബസ്താര ടോൾ പ്ലാസ് കേന്ദ്രീകരിച്ചായിരുന്നു പ്രധാന ഉപരോധം. പാട്യാലയിൽ പഞ്ചാബി നടൻ ബിന്നു ധില്ലൻ, ദേവ് ഖരൗദ് ഗായകൻ പമ്മി ബായ് എന്നിവർ സമരത്തിൽ പങ്കെടുത്തു.ജിന്ദിൽ ഹരിയാന റോഡ് വേയ്‌സിന്റെ ബസ് സർവീസുകൾ മൂന്ന് മണിക്കൂർ നിറുത്തിവച്ചു.കർണാൽ - കൈതാൾ, കർണാൽ ഇന്ദ്രി റോഡ്, നിലോഖേരി -ധാന്ദ് റോഡ്, കർണാൽ അസാന്ധ്,​ കർണാൽ മീററ്റ് തുടങ്ങിയ റോഡുകളിലും ഗതാഗതം സ്തംഭിച്ചു. പൽവലിൽ 52 ഖാപ്പ് അംഗങ്ങൾ ദേശീയ പാത ഉപരോധിച്ചു.

കേന്ദ്രസർക്കാരിന് ഒക്ടോബർ‌ 2 വരെ സമയം: ടിക്കായത്ത്

പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്രസർക്കാരിന് ഒക്ടോബർ രണ്ടുവരെ സമയമുണ്ടെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. അതിന് ശേഷം മറ്റു സമരപരിപാടികൾക്ക് രൂപം നൽകും. താങ്ങുവില ഉറപ്പാക്കുന്നതിൽ പുതിയ നിയമം കൊണ്ടുവരണം.ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കർഷകർ വീടുകളിലേക്ക് മടങ്ങില്ലെന്നും ഗാസിപ്പുർ സമരകേന്ദ്രത്തിൽ സംസാരിക്കവെ രാകേഷ് ടിക്കായത്ത് പറ‌ഞ്ഞു.