nadda

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പിയുടെ പരിവർത്തൻ രഥ യാത്രയ്ക്ക് ബംഗാളിൽ തുടക്കം. യാത്രയ്കുള്ള അനുമതി സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് നദിയ ജില്ലയിൽ ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ നേട്ടങ്ങൾ കർഷകർക്ക് ലഭിക്കുന്നത് മമത തടഞ്ഞുവെന്ന് നദ്ദ വിമർശിച്ചു. 70 ലക്ഷം കർഷകർക്ക് വർഷം 6000 രൂപ കഴിഞ്ഞ രണ്ടുവർഷമായി നിഷേധിച്ചു. ജയ് ശ്രീറാം മുദ്രാവാക്യം കേൾക്കുമ്പോൾ മമത ദേഷ്യപ്പെടുന്നത് എന്തിനെന്ന് മനസിലാകുന്നില്ല.മമതബാനർജിക്കും തൃണമൂലിനും റ്റാറ്റ പറയാൻ ബംഗാൾ ഒരുങ്ങിയിരിക്കുകയാണ്. കേന്ദ്രസർക്കാർ കർഷകക്ഷേമത്തിന് പ്രതിജ്ഞാബദ്ധമാണെന്നും നദ്ദ പറഞ്ഞു.മാൾഡയിലെ സഹപുർ ഗ്രാമത്തിൽ കർഷകർക്കൊപ്പം നദ്ദ ഭക്ഷണവും കഴിച്ചു. രാവിലെ മാൾഡയിലെത്തിയ നദ്ദ അവിടെ റോഡ് ഷോയും നടത്തി. ബി.ജെ.പി സൗത്ത് 24 പർഗാനയിലും ബിർബൂമിലും പ്രചരണ യാത്രകൾ തുടങ്ങുന്നുണ്ട്. ബംഗാളിലെത്തിയ നദ്ദയെ ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയ്, ജനറൽ സെക്രട്ടറി കൈലഷ് വിജയവർഗീയ എന്നിവർ സ്വീകരിച്ചു. പാർട്ടിപ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് നദ്ദയ്ക്ക് ഒരുക്കിയത്. അതേസമയം ബി.ജെ.പി പ്രചാരണങ്ങളെ പ്രതിരോധിക്കാൻ രണ്ടു ദിവസത്തെ ബൈക്ക് റാലി നാദിയ ജില്ലയിൽ തൃണമൂൽ തുടങ്ങിയിട്ടുണ്ട്.

മോദി ഇന്ന് ബംഗാളിൽ

തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബംഗാളിലും അസമിലും വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശനം നടത്തും. രാവിലെ അസമിൽ ആശുപത്രികളുടെ തറക്കല്ലിടലും റോഡ് വികസനപരിപാടികൾക്ക് തുടക്കംകുറുക്കലുമാണ് ചടങ്ങ്. ബംഗാളിലെ ഹൽദിയയിലെത്തുന്ന മോദി ബി.പി.സി.എൽ എൽ.പി.ജി ടെർമിനൽ ഉദ്ഘാടനം ചെയ്യും