kissan-panchayath

ന്യൂഡൽഹി: ഉത്തർപ്രദേശിലും ഹരിയാനയിലും നടക്കുന്ന മഹാപഞ്ചായത്തുകൾക്കു സമാനമായി രാജ്യവ്യാപകമായി കിസാൻ പഞ്ചായത്തുകൾ സംഘടിപ്പിക്കാനൊരുങ്ങി കർഷക സംഘടനകൾ.ശനിയാഴ്ച നടന്ന റോഡ് ഉപരോധത്തിനു സമാനമായ സമരങ്ങൾ എല്ലാ ആഴ്ചയിലും സംഘടിപ്പിക്കാനും ഭാരതബന്ദ് ഉൾപ്പെടെയുള്ള സമരങ്ങൾക്കായി ഒരുങ്ങുകയാണെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ഇതിനെ ഭാഗമായി ഗ്രാമങ്ങളിലേക്ക് സമരം വ്യാപിപ്പിക്കും. ജനപിന്തുണ കൂട്ടി കർഷകപ്രക്ഷോഭം രാജ്യവ്യാപകമാക്കും. തയ്യാറെടുപ്പിനായി കർഷകനേതാക്കൾ സംസ്ഥാനങ്ങൾ സന്ദർശിക്കും. ഒപ്പം അദാനി - അംബാനി ഉല്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള പ്രചാരണവും ഊർജിതമാക്കും. രാജ്യവ്യാപകപ്രക്ഷോഭത്തിനുള്ള വിവിധ പരിപാടികൾ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു. 'ട്രാക്ടർ വിപ്ലവ'ത്തിൽ പങ്കാളികളാകാൻ രാജ്യമെമ്പാടുമുള്ള കർഷകരോട് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് ആഹ്വാനം ചെയ്തു.

അതേസമയം, കേരളത്തിലെ പ്രതിഷേധപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി കർഷകസമരത്തെ പിന്തുണയ്ക്കുന്ന സംഘടനകളുടെ യോഗം 13ന് തൃശൂരിൽ നടക്കുമെന്ന് കിസാൻ മോർച്ചയുടെ ഭാഗമായുള്ള രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കൺവീനർ കെ.വി.ബിജു അറിയിച്ചു.