
ന്യൂഡൽഹി: കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മ വധത്തിൽ ഒന്നാം പ്രതി ജോളിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ ജസ്റ്റിസുമാരായ മോഹന ശാന്തനാ ഗൗഡറും വിനീത് ശരണുമടങ്ങിയ ബെഞ്ചാണ് ജാമ്യം സ്റ്റേ ചെയ്തത്. ജോളിയെ ജാമ്യത്തിൽ വിട്ടെങ്കിൽ ഉടൻ കസ്റ്റഡിയിലെടുക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതിക്ക് നോട്ടീസും അയച്ചു.
അന്നമ്മയെ കൊലപ്പെടുത്തിയ കേസിൽ ഒക്ടോബർ 15നാണ് ഹൈക്കോടതി ജോളിക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ കൂടത്തായി കൊലപാതക പരമ്പരയിലെ ആറ് കേസുകളും പരസ്‌പരം ബന്ധമുള്ളതിനാൽ ജോളിയുടെ ജാമ്യം പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.