sc

ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ ഫീസ് കുത്തനെ വർദ്ധിപ്പിക്കാൻ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരായ സംസ്ഥാന സർക്കാരിന്റെയും വിദ്യാർഥികളുടേയും അപ്പീലുകളിലെ വാദം അനന്തമായി നീട്ടികൊണ്ടു പോകാനാകില്ലെന്ന് സുപ്രീംകോടതി. നാളെ അന്തിമവാദം കേൾക്കുമെന്നും ,ഇന്നലെ വാദം കേട്ട ജസ്റ്റിസുമാരായ എൽ. നാഗേശ്വർ റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

സുപ്രീം കോടതിയുടെ പരിഗണനയിൽ ഹർജി ഇരിക്കുന്നതിനാൽ ഫീസ് നിർണയ സമിതിയോട് വാർഷിക ഫീസ് നിർണയിക്കാൻ ഹൈക്കോടതിക്ക് നിർദേശിക്കാൻ അധികാരമില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചു.എന്നാൽ ഇടക്കാല വിധിയിൽ സ്റ്റേ നിർദേശമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഫീസ് നിർണയിക്കാത്തത് കോടതി അലക്ഷ്യമാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫീസ് നിർണയ സമിതി തീരുമാനം എടുക്കുന്നതിൽ സർക്കാരിന് എന്താണ് വിഷമമെന്നും കോടതി ആരാഞ്ഞു. ഫീസ് നിർണയിക്കുന്നതിന് മുമ്പ് മാനേജ്‌മെന്റുകളെ ഫീസ് നിർണയ സമിതി കേട്ടില്ലെന്ന വാദം തെറ്റാണെന്ന് സർക്കാർ വ്യക്തമാക്കി.