
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എം.ആർ ഷാ വിവാദത്തിൽ. ''ഗുജറാത്ത് ഹൈക്കോടതിയുടെ സ്മരണ നിലനിർത്തുന്നതിനായുള്ള തപാൽ സ്റ്റാമ്പ് ജനപ്രിയനും, ഊർജ്ജസ്വലനുമായ, സ്‌നേഹം നിറഞ്ഞ, കാഴ്ചപ്പാടുള്ള നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്യുന്ന ഈ സുപ്രധാന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും തോന്നുന്നു. ഈ ചടങ്ങിൽ പങ്കെടുക്കാനായത് സവിശേഷ ഭാഗ്യമായാണ് കണക്കാക്കുന്നത്.''ജസ്റ്റിസ് ഷാ പറഞ്ഞു. ഗുജറാത്ത് ഹൈക്കോടതിയുടെ 50ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നടപടികൾ നിഷ്പക്ഷതയേയും നീതിന്യായ സ്വാതന്ത്ര്യത്തേയും സംബന്ധിച്ച ധാരണകളെ ദുർബലപ്പെടുത്താനേ സാധിക്കൂവെന്ന് ആരോപിച്ചാണ് ഷായ്‌ക്കെതിരെ വിമർശനം ഉയർന്നിരിക്കുന്നത്.