ghulam-nabi-azad

ന്യൂഡൽഹി: മുതിർന്ന നേതാവ് ഗുലാംനബി ആസാദിൻറെ കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ ,രാജ്യസഭയിൽ പുതിയ പ്രതിപക്ഷ നേതാവിനെ കണ്ടെത്താനൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്.

മാർച്ച് എട്ടു മുതൽ ഏപ്രിൽ എട്ടു വരെയുള്ള ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിന് മുന്നോടിയായി, പുതിയ നേതാവിനെ തീരുമാനിച്ചേക്കും. നേതൃമാറ്റം ആവശ്യപ്പെടുന്ന കോൺഗ്രസിലെ തിരുത്തൽ വാദി നേതാക്കളിൽ പ്രമുഖനായ ഗുലാംനബിയെ വീണ്ടും രാജ്യസഭയിലെത്തിച്ചില്ലെങ്കിൽ ,മുതിർന്ന നേതാവ് മല്ലികാർജ്ജുന ഖാർഗെയ്ക്കാവും പ്രധാന പരിഗണന.

2015ൽ ജമ്മുകാശ്മീരിൽ നിന്നാണ് ഗുലാംനബി ആസാദ് വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്രഭരണ പ്രദേശമായതോടെ ജമ്മുകാശ്മീരിൽ നിലവിൽ നിയമസഭയില്ല. കേരളത്തിൽ നിന്നാണ് കോൺഗ്രസിന് ഉടൻ ഒരാളെ രാജ്യസഭയിലെത്തിക്കാനാവുക.

കോൺഗ്രസിലെ വയലാർ രവി, മുസ്ലിംലീഗിലെ അബ്ദുൾ വഹാബ്, സി.പി.എമ്മിലെ കെ.കെ രാഗേഷ് എന്നിവരുടെ കാലാവധി ഏപ്രിൽ 21ന് അവസാനിക്കും. ഈ സീറ്റുകളിലൊന്നിൽ യു.ഡി.എഫിന് വിജയിക്കാനാവും. ഇതിൽ ഗുലാംനബി ആസാദിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കെ.സി വേണുഗോപാൽ രാജസ്ഥാനിൽ നിന്നാണ് രാജ്യസഭയിലെത്തിയത്. അതിനാൽ, ഗുലാംനബിയെ കേരളത്തിൽ പരിഗണിച്ചാലും സംസ്ഥാന നേതൃത്വത്തിന് എതിർക്കാനാവില്ല.