uttarakhand-glacier-burst

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽപ്രളയത്തിൽ 20 പേർ മരിച്ചെന്ന് സംസ്ഥാന സർക്കാർ. മൃതദേഹങ്ങൾ ചെളിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഇരുന്നൂറിലേറെ പേരെ കാണാതായി. ഇതിൽ 170 പേർ തപോവൻ ജലവൈദ്യുത നിലയവുമായി ബന്ധപ്പെട്ട് നിർമ്മിക്കുന്ന രണ്ട് തുരങ്കങ്ങളിൽ ജോലി ചെയ്യുന്നവരാണ്. ഭൂരിഭാഗം തൊഴിലാളികളും കിഴക്കൻ യു.പിയിൽ നിന്നും ബീഹാറിൽ നിന്നുമുള്ളവരാണ്.

ദേശീയ ദുരന്ത നിവാരണ സേനയും കര വ്യോമ സേനയും ഇന്നലെ രാവിലെ ആറോടെ രക്ഷാപ്രവർത്തനം പുനഃരാരംഭിച്ചിരുന്നു. ഡൽഹിയിൽ നിന്നടക്കം കൂടുതൽ സൈനിക സംഘങ്ങളും എട്ടു ബറ്റാലിയൻ ഐ.ടി.ബി.പി സംഘവും സ്ഥലത്തെത്തി. ജോഷിമഠിലെ രണ്ട് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമമാണ് പ്രധാനമായും നടക്കുന്നത്. 2.5 കിലോമീറ്ററാണ് ഒരു തുരങ്കത്തിന്റെ നീളം. രാത്രി വൈകിയും 150 മീറ്റർ ഉള്ളിൽ കടക്കാനേ രക്ഷാസംഘത്തിനായിട്ടുള്ളൂ.

മഞ്ഞുമല ഇടിഞ്ഞ് ധൗളി ഗംഗാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ അടിഞ്ഞ അവശിഷ്ടങ്ങൾ മൂടി തുരങ്കം അടഞ്ഞനിലയിലാണ്. വലിയ മണ്ണുമാന്തി യന്ത്രങ്ങളെ മണ്ണും ചെളിയും നീക്കം ചെയ്യുന്നുണ്ട്.
അപകടസ്ഥലത്തിന് അകലെ നിന്നാണ് മൃതദേഹങ്ങളിൽ പലതും കണ്ടെത്തിയത്. അതിനാൽ വലിയ തെരച്ചിൽ വേണമെന്ന് എൻ.ഡി.ആർ.എഫ് ഡയറക്ടറർ വ്യക്തമാക്കി. അറ് ഗ്രാമങ്ങൾ ഒറ്റപ്പെട്ടപ്പോൾ അഞ്ച് പാലങ്ങൾ ഒലിച്ചു പോയി. തപോവൻ ജലവൈദ്യുത നിലയം പൂർണമായും ഒലിച്ചുപോയെന്ന് വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി.

 പഠിക്കാൻ വിദഗ്‌ദ്ധ സംഘം

ദുരന്ത കാരണം സംബന്ധിച്ച് ആശയക്കുഴപ്പത്തിലാണ് സർക്കാരും ശാസ്ത്രസംഘവും. ഫെബ്രുവരിയിലെ അതിശൈത്യത്തിൽ സീറോ ഡിഗ്രിക്ക് താഴെയാണ് ചമോലിയിലെ താപനില. ഈ സമയം മഞ്ഞുകട്ടകൾ ഉറഞ്ഞ് കട്ടിയായ അവസ്ഥയിലായിരിക്കുമെന്നും മഞ്ഞിടിച്ചിലുണ്ടാകില്ലെന്നുമാണ് വാദിയ ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞ മനിഷ മേ‌ഹ‌്ത പറയുന്നത്.

സാറ്റലൈറ്റ് പരിശോധിച്ചെങ്കിലും ഉത്തരമൊന്നും കണ്ടെത്താനായിട്ടില്ല. ആറ് ശാസ്ത്രജ്ഞർ സ്ഥലം സന്ദർശിച്ചു. ഗ്ലോഫ് എന്ന മഞ്ഞ് ഉറഞ്ഞ് രൂപപ്പെട്ടുണ്ടായ തടാകമാണോ അപകട കാരണമെന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.

വാദിയ ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ട് സംഘം സ്ഥലത്ത് വിദഗ്ദ്ധപഠനം നടത്തും. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ, സൗനോ ആൻഡ് അവലാഞ്ച് സ്റ്റഡി എസ്റ്റാബ്ലിഷ്‌മെന്റ് എന്നീ സംഘടനകൾ സ്ഥലം പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

 പ്രധാനമന്ത്രി സ്ഥിതിഗതി വിലയിരുത്തി

ദുരന്തമുഖം സന്ദർശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, കേന്ദ്ര മന്ത്രി രമേഷ് പൊക്രിയാൽ തുടങ്ങിയവർ രക്ഷാപ്രവർത്തനം വിലയിരുത്തി. അടിയന്തര സഹായത്തിന് 20 കോടി രൂപ ഉത്തരാഖണ്ഡ് സർക്കാർ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ യോഗം ചേർന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തരാഖണ്ഡിൽ നിന്നുള്ള എം.പിമാർ എന്നിവർ പങ്കെടുത്തു. ദുരന്തത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിന്ന വിദേശ നേതാക്കളെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നന്ദി അറിയിച്ചു.