
ന്യൂഡൽഹി :പരിസ്ഥിതിയെയും വനത്തേയും സംരക്ഷിക്കാൻ 1973 ൽ ഇന്ത്യയിൽ ആരംഭിച്ച് അവസാനം ലോകം മുഴുവൻ വ്യാപിച്ച ചിപ്കോ പ്രസ്ഥാനത്തിന്റെ ഉത്ഭവഭൂമിയായിരുന്നു ഉത്തരാഖണ്ഡിലെ ചമോലി. എന്നാൽ പ്രകൃതി ദുരന്തങ്ങളിൽ പകച്ച് നിൽക്കുകയാണ് ഈ ജില്ലയും ഉത്തരാഖണ്ഡും. അപ്രതീക്ഷിത ദുരന്തത്തിൽ തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി പൂർണ്ണമായും ഒലിച്ചുപോയെന്ന് അധികൃതർ ആശങ്കപ്പെടുമ്പോൾ ഈ പദ്ധതി തന്നെയാണ് ദുരന്തത്തിന് കാരണമെന്ന് ജനങ്ങൾ ആരോപിക്കുന്നു. ഏതുനിമിഷവും നിലംപൊത്താൻ കാത്ത് നിൽക്കുന്ന മണ്ണുമലയും മഞ്ഞുമലയുമൊക്കെയു
ള്ള ഉത്തരാഖണ്ഡിലെ ഡാം നിർമ്മാണം അപകടം ക്ഷണിച്ച് വരുത്തുമെന്ന് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും പദ്ധതി ആരംഭിച്ച കാലം മുതൽ ഒരേ സ്വരത്തിൽ പറയുകയാണ്.
2006ൽ പദ്ധതി നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ നാട്ടുകാർ ഇതിനെതിരെ കോടതി കയറിയതുമാണ്. തപോവൻ പദ്ധതി അടക്കമുള്ള 24 ജലവൈദ്യുത പദ്ധതികൾ നിർത്തിവയ്ക്കണമെന്ന് 2013ൽ സുപ്രീംകോടതിയും നിർദേശിച്ചു. എന്നാൽ പരിസ്ഥിതി പ്രശ്നങ്ങൾ ഒന്നുമുണ്ടാകില്ലെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഉത്തരാഖണ്ഡ് സർക്കാരിന്റെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ പദ്ധതിയുമായി മുന്നോട്ട് പോയി. ഉത്തരാഖണ്ഡിൽ പരിസ്ഥിതിയ്ക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള ഒരു നിർമ്മാണവും പാടില്ലെന്നും കോടതി അന്ന് സർക്കാരിന് നിർദേശം നൽകിയിരുന്നു.