
ന്യൂഡൽഹി: കർഷക സമരത്തെ ചൊല്ലിയുള്ള സഭ സ്തംഭിപ്പിച്ചുള്ള തുടർച്ചയായ പ്രതിഷേധം ഒഴിവാക്കി ലോക്‌സഭയിൽ ചർച്ചകളിൽ പങ്കെടുത്ത് പ്രതിപക്ഷം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുക്കണമെന്നും കീഴ്‌വഴക്കം തകർക്കരുതെന്നുമുള്ള കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റ അഭ്യർത്ഥനയെ തുടർന്നാണ് പ്രതിപക്ഷം പ്രതിഷേധം മാറ്റിവച്ചത്. തുടർന്ന് ലോക്സഭ നടപടികൾ രാത്രി 12 വരെ നീട്ടി. കർഷക നിയമങ്ങളിൽ സഭ നിറുത്തിവച്ച് ചർച്ച വേണമെന്ന് ആവശ്യപ്പെട്ട്, കോൺഗ്രസ് എം.പിമാരായ മനീഷ് തിവാരി, ഹൈബി ഈഡൻ, സി.പി.എമ്മിലെ എ.എം ആരിഫ് തുടങ്ങിയവർ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.എന്നാൽ സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. തുടർന്ന് സഭ അഞ്ചു മണിവരെ പിരിഞ്ഞു. വീണ്ടും ചേർന്നപ്പോഴാണ് പ്രതിപക്ഷത്തിന്റെ സഹകരണം സിംഗ് അഭ്യർത്ഥിച്ചത്. സഭാ സ്തംഭനം ഒഴിവാക്കാൻ പ്രതിപക്ഷ നേതാക്കളും മുതിർന്ന ബിജെ.പി നേതാക്കളും യോഗം ചേർന്നിരുന്നു.
ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ കേന്ദ്രസർക്കാരിന്റെ ഗൂഢാലോചനയാണെന്ന് കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി സഭയിൽ ആരോപിച്ചു. കനത്ത സുരക്ഷയുള്ള റിപ്പബ്ലിക് ദിനത്തിൽ അക്രമികൾക്ക് ചെങ്കോട്ടയിലെത്താൻ എങ്ങനെയാണ് സാധിച്ചത്. സർക്കാരയച്ചയാളുകൾ കർഷകരെന്ന വ്യജേന അക്രമസംഭവങ്ങളിലേർപ്പെടുകയായിരുന്നു. മുസ്ലിങ്ങൾക്കും കർഷകർക്കുമെതിരെ കേന്ദ്രസർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്തോട് മുഴുവൻ സംസാരിക്കുന്ന പ്രധാനമന്ത്രിക്ക് കർഷകരോട് സംസാരിക്കാൻ സമയമില്ലെന്നും ചൗധരി കുറ്റപ്പെടുത്തി. ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് തൃണമൂൽ നേതാവ് മഹുവ മൊയിത്ര ആരോപിച്ചു.