
സ്പോർട്സ് ക്വോട്ടയ്ക്ക് കീഴിൽ വടംവലി ഉൾപ്പെടെ 21 ഇനങ്ങൾ കൂടി
ന്യൂഡൽഹി : കേന്ദ്ര സർക്കാർ ജോലികൾക്കായുള്ള സ്‌പോർട്‌സ് ക്വോട്ടയിൽ വടംവലി ഉൾപ്പെടെ 21 കായിക ഇനങ്ങളെ കൂടി ഉൾപ്പെടുത്തി കേന്ദ്രം. ബേസ് ബോൾ, ബോഡി ബിൽഡിംഗ്, സൈക്കിൾ പോളോ, ഡെഫ് സ്‌പോർട്‌സ്, ഫെൻസിംഗ്, കുഡോ, മല്ലക്കമ്പ്,മോട്ടോർ സ്‌പോർട്‌സ്, നെറ്റ് ബോൾ, പാരാ സ്‌പോർട്‌സ്, പെൻകാക് സിലാട്, ഷൂട്ടിംഗ് ബോൾ, റോൾ ബോൾ, റഗ്ബി, സെപക് ടാക്രോ, സോഫ്റ്റ് ടെന്നിസ്, ടെൻപിൻ ബൗളിംഗ്, ട്രയാത്തലോൺ, വടംവടി, വുഷു, ടെന്നിസ് ബോൾ ക്രിക്കറ്റ് എന്നിവയാണ് പുതിയതായി സ്‌പോർട്‌സ് ക്വോട്ടയ്ക്ക് കീഴിൽ ഇടം പിടിച്ച ഇനങ്ങൾ.കായിക മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി കിരൺ റിജിജു രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെ / സർക്കാർ വകുപ്പിലെ ഗ്രൂപ്പ് 'സി' യിലെ ഏതെങ്കിലും തസ്തികയിലേക്ക് സ്‌പോർട്‌സ് ക്വോട്ടയിൽ നിന്ന് നിയമനം നടത്തുമ്പോൾ ഇനി മുതൽ മറ്റ് കായിക ഇനങ്ങൾക്കൊപ്പം വടംവലി അടക്കം 21 ഇനങ്ങളിലെ കായികതാരങ്ങളെകൂടി ഉൾപ്പെടുത്തും.
കായിക നിലവാരം ഉയർത്തുന്നതിന് പ്രത്യേക പദ്ധതികൾ
കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഗ്രാമീണ മേഖലയിലടക്കം രാജ്യത്ത് കായിക നിലവാരം ഉയർത്തുന്നതിനുമായി സർക്കാർ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി കിരൺ റിജിജു പറഞ്ഞു.ഖെലോ ഇന്ത്യ സ്‌കീം,ദേശീയ കായിക ഫെഡറേഷനുകളുടെ സഹായം,,അന്താരാഷ്ട്ര കായിക ഇനങ്ങളിലെ വിജയികൾക്കും അവരുടെ പരിശീലകർക്കും പ്രത്യേക അവാർഡുകൾ,ദേശീയ കായിക അവാർഡുകൾ, മികച്ച കായിക വ്യക്തികൾക്ക് പെൻഷൻ,പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ദേശീയ കായിക ക്ഷേമനിധി,ദേശീയ കായിക വികസന ഫണ്ട്, സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യ വഴി കായിക പരിശീലന കേന്ദ്രങ്ങൾ നടത്തും തുടങ്ങിയവയാണ് പദ്ധതികൾ. . വിവിധ കായിക പദ്ധതികൾ പ്രകാരം 201718 ൽ 1393.21 കോടി രൂപയും 201819 ൽ 1381.52 കോടി രൂപയും 201920 ൽ 2000 കോടി രൂപയും അനുവദിച്ചു.