farmers

ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ 'സമരജീവി" പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി കർഷകസംഘടനകൾ. കർഷകരെ അപമാനിച്ച പ്രധാനമന്ത്രി മാപ്പു പറയണമെന്ന് ആൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും കോർപ്പറേറ്റ് ജീവികളാണെന്നും അന്നദാതാക്കളെ അപമാനിക്കുകയാണ് മോദി ചെയ്തതെന്നും അഖിലേന്ത്യ കിസാൻ സഭ വിമർശിച്ചു.

പുരോഗമനപരമായ ഒരു സമരങ്ങളിലും പങ്കെടുക്കാത്ത ബി.ജെ.പിക്കും ആർ.എസ്.എസിനും ജനങ്ങളുടെ പ്രതിഷേധങ്ങളെക്കുറിച്ച് അറിയില്ല. അവരുടെ പ്രതിഷേധം ഇന്ത്യയുടെ ഐക്യവും സമാധാനവും തകർക്കാനുള്ളതാണ്. അവർ നടത്തിയ രാമജന്മഭൂമി പ്രതിഷേധം രാജ്യത്ത് രണ്ട് സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തി. മോദിയും രാഷ്ട്രീയ പൂർവികരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല. കോളനിവാഴ്ചയ്‌ക്കെതിരെ സമരം ആയുധമാക്കിയ ഗാന്ധിജിയെയും സർദാർ പട്ടേലിനെയും മോദി സമര ജീവിയെന്ന് വിളിക്കുമോയെന്നും ജനറൽ സെക്രട്ടറി ഹനൻമൊള്ള ചോദിച്ചു.

 കോർപറേറ്റ് ജീവിയായ പ്രധാനമന്ത്രിയാണ് കർഷകരെ സമരജീവികളെന്ന് അപമാനിക്കുന്നത്.

- അശോക് ധാവ്ളേ, അഖിലേന്ത്യാ കിസാൻ സഭ പ്രസിഡന്റ്

 കോർപറേറ്റുകളെ ആശ്രയിക്കുന്ന ബി.ജെ.പിക്കാരാണ് പരാന്നഭോജികൾ

- അതുൽകുമാർ അഞ്ജാൻ

 കർഷകരെ വെടിവയ്ക്കാനാവാത്തതിനാൽ അപമാനിക്കുകയാണ് മോദി ചെയ്യുന്നത്.

- മേധാ പട്കർ, സാമൂഹിക പ്രവർത്തക

സമരം രാജ്യവ്യാപകമാക്കും

സമരം രാജ്യവ്യാപകമായി പടർത്തുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

'നാല് ലക്ഷമല്ല, 40 ലക്ഷം ട്രാക്ടറുകളെ അണിനിരത്തി റാലി നടത്തും. ജീവിതത്തിൽ ഒരു പ്രതിഷേധത്തിന്റെയും ഭാഗമാകാത്തയാളാണ് മോദി. എന്നാൽ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ജോലിയെടുത്തിട്ടുണ്ട് അദ്ദേഹം."- ഹരിയാനയിലെ കുരുക്ഷേത്രയിൽ കിസാൻ മഹാപഞ്ചായത്തിൽ സംസാരിക്കവെ ടിക്കായത്ത് പറഞ്ഞു.