siddhu

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ അരങ്ങേറിയ അക്രമങ്ങളിൽ നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ഇയാളെ ഹരിയാനയിലെ കർണാലിൽ നിന്നാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്.

നിരന്തരം ഒളിത്താവളം മാറിക്കൊണ്ടിരുന്ന ദീപ് സിദ്ദുവിനെ സമൂഹ മാദ്ധ്യമ അക്കൗണ്ട് നിരീക്ഷിച്ചാണ് പിടികൂടിയത് എന്നാണ് റിപ്പോ‌ർട്ടുകൾ. കോടതിയിൽ ഹാജരാക്കിയ ശേഷം ക്രൈംബ്രാഞ്ചിന് കൈമാറും.
ചെങ്കോട്ടയിൽ സിക്ക് മത പതാക ഉയർത്തിയതിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ദീപ് സിദ്ദുവിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പൊലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. ട്രാക്ടർ റാലിയിൽ ആശയക്കുഴപ്പം ഉണ്ടാക്കി അക്രമത്തിന് പ്രകോപനം സൃഷ്‌ടിച്ചത് ഇയാളാണെന്നുമാണ് ആരോപണം.

ട്രാക്ടർ റാലിക്ക് നിശ്ചയിച്ച റൂട്ട് തെറ്റിച്ച് ദീപ് സിദ്ദു, ലക്ക സിദ്ധാന തുടങ്ങിയവർ ചെങ്കോട്ടയിലേക്ക് നീങ്ങുകയായിരുന്നു. ചെങ്കോട്ടയിലെ കൊടിമരത്തിൽ ഉയർത്താനുള്ള പതാക ദീപ് സിദ്ദുവാണ് കൈമാറിയത്. ജുഗ് രാജ് സിംഗ് എന്ന യുവാവാണ് കൊടി ഉയർത്തിയത്.

ചെങ്കോട്ടയിലെ അക്രമങ്ങൾക്ക് പിന്നിൽ കേന്ദ്രസർക്കാരിന്റെ ഗൂഢാലോചനയാണെന്നും സർക്കാർ അയച്ച ആളുകൾ നുഴഞ്ഞുകയറിയാണ് അക്രമം നടത്തിയതെന്നും തിങ്കളാഴ്ച ലോക്സഭയിൽ കോൺഗ്രസ് കക്ഷി നേതാവ് അധീർരഞ്ജൻ ചൗധരി ആരോപിച്ചിരുന്നു.
ചെങ്കോട്ടയിലെ അക്രമത്തെ പ്രതിപക്ഷം അടക്കം അപലപിച്ചിരുന്നു. ദീപ് സിദ്ദു ബി.ജെ.പി അനുഭാവിയാണെന്നും അക്രമങ്ങൾക്ക് പിന്നിൽ ഇയാളാണെന്നും കർഷക നേതാക്കൾ ആരോപിച്ചിരുന്നു. അക്രമങ്ങളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.