
ന്യൂഡൽഹി: കൈക്കൂലിക്കേസിൽ സി.ബി.ഐ മുൻ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്ക് സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയതായി റിപ്പോർട്ട്. തെളിവുകളുടെ അഭാവത്തിൽ അന്വേഷണ സംഘത്തിന്റെയും മേലുദ്യോഗസ്ഥരുടെയും സംയുക്ത തീരുമാനപ്രകാരമാണ് അസ്താനയെ കുറ്റവിമുക്തനാക്കിയതെന്നാണ് വിവരം. അസ്താനയ്ക്ക് ക്ലീൻ ചിറ്റ് നൽകുന്ന ഫയലിൽ സി.ബി.ഐ ഡയറക്ടർ പദവിയിൽ നിന്ന് കഴിഞ്ഞയാഴ്ച വിരമിച്ച ആർ.കെ. ശുക്ല ജനുവരി മദ്ധ്യത്തോടെ ഒപ്പുവച്ചുവെന്നാണ് റിപ്പോർട്ട്.
രണ്ടാം തവണയാണ് അന്വേഷണ ഏജൻസി അസ്താനയ്ക്ക് ക്ലീൻ ചിറ്റ് നൽകുന്നത്. 2018ൽ സി.ബി.ഐയിൽ നിന്ന് നീക്കുന്നതുവരെ വിവാദങ്ങൾ അസ്താനയെ വിട്ടൊഴിഞ്ഞിരുന്നില്ല. നിലവിൽ ബി.എസ്.എഫ് മേധാവിയാണ് രാകേഷ് അസ്താന. സി.ബി.ഐ കേസ് അവസാനിപ്പിക്കുകയും ആർ.കെ. ശുക്ലയുടെ കാലാവധി അവസാനിക്കുകയും ചെയ്തതോടെ രാകേഷ് അസ്താന തന്നെ വീണ്ടും സി.ബി.ഐ തലപ്പത്തേക്ക് വന്നേക്കാമെന്ന് അഭ്യൂഹമുണ്ട്.
അഴിമതിയാരോപണത്തെ തുടർന്ന് സ്‌റ്റെറിലിംഗ് ബയോടെക്കിന്റെ പ്രൊമോട്ടർമാരായ ചേതൻ സന്ദേസര, നിതിൻ സന്ദേസര എന്നിവരുടെ സ്ഥാപനങ്ങളിൽ 2011ൽ നടത്തിയ റെയ്ഡിൽ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയാണ് കേസിനാധാരം. ഡയറിയിലെ കുറിപ്പുകളുടെ അടിസ്ഥാനത്തിൽ സന്ദേസര സഹോദരൻമാരിൽ നിന്ന് രാകേഷ് അസ്താന നാല് കോടി രൂപ കൈക്കൂലി വാങ്ങിയതായി സി.ബി.ഐ ഡയറക്ടർ അലോക് വർമ ആരോപിച്ചു.
എന്നാൽ ഡയറിയിൽ അസ്താനയുടെ പേരിനു നേരെ എഴുതിയ 12 അക്ക നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ബാങ്ക് അക്കൗണ്ടോ മറ്റ് വിവരങ്ങളോ കണ്ടെത്താനായില്ല.