
ന്യൂഡൽഹി :മരട് കേസിൽ ഫ്ളാറ്റ് ഉടമകൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുകയുടെ പകുതിയെങ്കിലും കെട്ടിവച്ചില്ലെങ്കിൽ റവന്യു റിക്കവറിക്ക് ഉത്തരവിടുമെന്ന് ജസ്റ്റിസ് നവീൻ സിൻഹ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. അടുത്ത 17ന് കേസ് പരിഗണിക്കുന്നതിന് മുമ്പ് നിർമാതാക്കൾ നിലപാട് അറിയിക്കണമെന്നും കോടതി പറഞ്ഞു.നഷ്ടപരിഹാരത്തുക നൽകാൻ തങ്ങളുടെ വസ്തുക്കൾ വിൽക്കാൻ അനുവദിക്കണമെന്ന് ഫ്ളാറ്റ് നിർമാതാക്കൾ ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും നേരത്തെ എന്തുകൊണ്ട് സമിതിക്ക് മുമ്പാകെ ഇക്കാര്യം ഉന്നയിച്ചില്ല എന്ന് കോടതി ചോദിച്ചു. തീറാധാരം ഇല്ലാത്ത ഫ്ളാറ്റ് ഉടമകൾക്കും നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന്
സുപ്രീംകോടതി പറഞ്ഞു. ആകെ115 കോടി രൂപയാണ് നഷ്ടപരിഹാരം നൽകാൻ വേണ്ടത്. നാല് നിർമ്മാതാക്കളും കൂടി ഫ്ളാറ്റ് ഉടമകൾക്ക് പ്രാഥമിക നഷ്ടപരിഹാരമായി നൽകേണ്ടത് 61.50 കോടി രൂപയാണ്. ഈ തുക സർക്കാരാണ് നൽകിയത്. ഫ്ളാറ്റ് പൊളിച്ചതിന് സർക്കാരിന് മൂന്നര കോടിയോളം ചെലവായി. ഇതും കൂടി ചേർത്ത് 65 കോടി രൂപയാണ് ഫ്ളാറ്റുടമകൾ സർക്കാരിന് നൽകാനുള്ളത്.
ഇതുവരെ ഫ്ളാറ്റുടമകൾ സർക്കാരിന് നൽകിയത് (ബ്രായ്ക്കറ്റിൽ നൽകാനുള്ള തുക)
ഗോൾഡൻ കായലോരം- 2.89 കോടി (9.25)
ജയിൻ ജയിൻ ഹൗസിംഗ് -2.00 കോടി (15.5 കോടി)
ആൽഫ സെറീൻ:ഒന്നും നൽകിയിട്ടില്ല (17.5)
ഹോളി ഫെയ്ത്ത് :ഒന്നും നൽകിയിട്ടില്ല ( 19.25 )