modi

ന്യൂഡൽഹി: 'പ്രതിപക്ഷത്താണെങ്കിലും എന്നും എന്റെ യഥാർത്ഥ സുഹൃത്താണ് ഗുലാംനബി ആസാദ്. നിങ്ങളുടെ വിലപ്പെട്ട ഉപദേശത്തിനായി എന്റെ വാതിൽ എപ്പോഴും തുറന്നുകിടക്കും.'' - തേങ്ങൽ ഉള്ളിലൊതുക്കി, കണ്ണീർ തുടച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സല്യൂട്ട് ചെയ്തു. ഈറൻ മിഴികളോടെ, തൊഴുകൈകളോടെ പ്രതിപക്ഷ നേതാവും ഉന്നത കോൺഗ്രസ് നേതാവുമായ ഗുലാംനബി ആസാദ്, ആ വാക്കുകൾ ഏറ്റുവാങ്ങി. തിങ്കളാഴ്ച വിരമിക്കുന്ന ഗുലാംനബി ആസാദിന് രാജ്യസഭയിൽ നൽകിയ യാത്രയയപ്പ് വികാരനിർഭരമായിരുന്നു. ഓർമ്മകൾ പങ്കുവയ്ക്കുന്നതിനിടെ മോദി പലപ്പോഴും വിതുമ്പി,​ സംസാരം മുറിഞ്ഞു. ''കാശ്‌മീരിൽ ഗുജറാത്തിൽ നിന്നുള്ള സഞ്ചാരികൾക്കെതിരെ ഭീകരാക്രമണമുണ്ടായപ്പോൾ ഗുലാംനബി ആസാദും പ്രണബ് മുഖർജിയും നടത്തിയ ഇടപെടലുകൾ ഞാനൊരിക്കലും മറക്കില്ല. ആ രാത്രി ഗുലാംനബിജി എന്നെ വിളിച്ചു. അദേഹം അപ്പോൾ കരച്ചിലിന്റെ വക്കിലായിരുന്നു.'' കണ്ണീരടക്കാനായി മോദി ഒരു നിമിഷം നിറുത്തി. വെള്ളം കുടിച്ചു. വീണ്ടും സംസാരിക്കാൻ ശ്രമിച്ചപ്പോഴും വിതുമ്പി. ''സ്വന്തം കുടുംബാംഗങ്ങളെപ്പോലെ അദ്ദേഹം അവരെ പരിഗണിച്ചു. അധികാരം വരും പോകും. എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലാണ് കാര്യം. വർഷങ്ങളായി ആസാദിനെ അറിയാം. ഒരേ കാലയളവിൽ ഞങ്ങൾ മുഖ്യമന്ത്രിമാരായിരുന്നു. അതിന് മുമ്പേ ഇടപഴകിയിട്ടുണ്ട്. മികച്ച എം.പിയും പ്രതിപക്ഷ നേതാവുമായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വരുംകാല എം.പിമാരെയും പ്രചോദിപ്പിക്കും. സ്വന്തംപാർട്ടിയെക്കുറിച്ച് മാത്രമല്ല അതിലേറെ രാജ്യത്തെയും സഭയെക്കുറിച്ചും പരിഗണനയുള്ളയാളായിരുന്നു.''- മോദി പറഞ്ഞു. ഭരണ,പ്രതിപക്ഷ അംഗങ്ങൾ ഡസ്കിലടിച്ച് അഭിനന്ദിച്ചു. അഞ്ചുതവണ രാജ്യസഭാംഗമായ ഗുലാംനബി ആസാദ് 2014 മുതൽ പ്രതിപക്ഷ നേതാവാണ്. ടേം അവസാനിക്കുന്ന ജമ്മുകാശ്‌മീരിൽ നിന്നുള്ള മറ്റ് മൂന്ന് അംഗങ്ങൾക്കും സഭ യാത്രയയപ്പ് നൽകി. പി.ഡി.പിയുടെ മുഹമ്മദ് ഫയാസ്, ബി.ജെ.പിയുടെ ഷംഷീർ സിംഗ് എന്നിവരുടെ ടേം ഇന്നും ഗുലാം നബി ആസാദ്, നസീർ അഹമ്മദ് എന്നിവരുടെ സഭാ കാലാവധി 15നുമാണ് അവസാനിക്കുന്നത്‌.

 അഭിമാനമുണ്ട്, ഹിന്ദുസ്ഥാനി മുസ്ളിം ആയതിൽ : ഗുലാംനബി വികാരഭരിതമായിരുന്നു ഗുലാംനബി ആസാദിന്റെ മറുപടിയും. 'പാകിസ്ഥാനിലെ സാഹചര്യങ്ങളെക്കുറിച്ച് വായിക്കുമ്പോൾ ഒരു ഹിന്ദുസ്ഥാനി മുസ്ലിം ആയതിൽ അഭിമാനിക്കുന്നു. ഇന്ത്യയാണ് സ്വർഗമെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമാണ് ഞാൻ ജനിച്ചത്. ഒരിക്കലും പാകിസ്ഥാനിലേക്ക് പോകാത്ത ഭാഗ്യവാന്മാരിൽ ഒരാളാണ് ഞാൻ. മുസ്ലിം രാജ്യങ്ങൾ പരസ്പരം പോരാടിക്കുമ്പോൾ ഇന്ത്യൻ മുസ്ലിംങ്ങൾ ഒരുമിച്ച് നിൽക്കുകയാണ്. അത് അങ്ങനെ തന്നെ തുടരും.'- ആസാദ് പറഞ്ഞു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരെക്കുറിച്ച് പറഞ്ഞ ആസാദ് വാജ്പേയിയും തനിക്ക് പ്രചോദനമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് എങ്ങനെയാകണമെന്ന് വാജ്പേയിൽ നിന്ന് പഠിച്ചുവെന്നും പറഞ്ഞു.