
ന്യൂഡൽഹി :ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായ അഞ്ചു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ആകെ മരണം 31 ആയി. ഒരുജഡം പൊലീസുകാരന്റേതാണ്. തകർന്ന ഋഷിംഗംഗ വൈദ്യുതി നിലയത്തിന് സമീപത്തു നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഏകദേശം 175 പേരെ കണ്ടെത്താനുണ്ട്.
തപോവൻ വൈദ്യുതി നിലയത്തിന്റെ തുരങ്കത്തിൽ കുടുങ്ങിയ മുപ്പതിലേറെ പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മറ്റൊരു തുരങ്കത്തിൽ 121 പേരെങ്കിലും കുടുങ്ങിയെന്നാണ് വിവരം. വൈദ്യുതി നിലയത്തിലെ തൊഴിലാളികളും നാട്ടുകാരുമാണ് അപകടത്തിൽപ്പെട്ടത്. 70 തൊഴിലാളികൾ യു.പി. സ്വദേശികളാണ്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം കേന്ദ്രം ഊർജ മന്ത്രാലയം പ്രഖ്യാപിച്ചു.ഹരിയാന സർക്കാർ 11 കോടി രൂപ ഉത്തരാഖണ്ഡ് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
ദുഷ്‌കരം രക്ഷാപ്രവർത്തനം
വെള്ളവും ചെളിയും പാറക്കഷണങ്ങളും നിറഞ്ഞതിനാൽ തുരങ്കത്തിലേക്ക് പ്രവേശിക്കുന്നത് ദുഷ്‌കരമാണ്. കരസേന, നാവിക കമാൻഡോ സംഘം, ഐ.ടി.ബി.പി., ദുരന്ത നിവാരണസേന എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ചെളി നീക്കാൻ അത്യാധുനിക മെഷീനുകളും ട്രാക്‌ടറുകളുമാണ് ഉപയോഗിക്കുന്നത്. എല്ലാവരെയും രക്ഷിക്കാമെന്നാണ് പ്രതീക്ഷയെന്ന് ഐ.ടി.ബി.പി. വക്താവ് വിവേക് കുമാർ പാണ്ഡെ പറഞ്ഞു. പ്രധാനമന്ത്രി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് അധിക കേന്ദ്ര സഹായം ഉറപ്പു നൽകി.
അവധി എടുത്ത കൂട്ടുകാർ രക്ഷപ്പെട്ടു
ജാർഖണ്ഡ് സ്വദേശികളായ ഹരിദാസ് മോഹ്‌തയും നാല് കൂട്ടുകാരും ഒരു മാസം മുൻപാണ് എൻ.ടി.പി.സിയുടെ കരാർ ജോലിക്കായി തപോവനിൽ എത്തിയത്. ഒരു ദിവസം പോലും അവധി ലഭിച്ചില്ല. കോൺട്രാകറെ നേരിട്ട് കണ്ടാണ് ദുരന്തം നടന്ന ഞായറാഴ്ച അവധി വാങ്ങിയത്. ക്വാർട്ടേഴ്‌സിൽ ഫോണിൽ സിനിമ കണ്ടിരിക്കെ രാവിലെ 10.30ന് ഉഗ്രശബ്ദത്തോടെ എന്തൊ ഒന്ന് ധൗളിഗംഗ നദിയിൽ പതിച്ചു. നദി കരകവിഞ്ഞ് ഒഴുകാനും തുടങ്ങി. പരിഭ്രാന്തരായി എല്ലാവരും ചിതറിയോടി.
അന്ന് അവധി കിട്ടിയില്ലായിരുന്നെങ്കിൽ തങ്ങളും ദുരന്തത്തിൽ പെടുമായിരുന്നെന്ന് ഇവർ പറയുന്നു.