farmers

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും കേന്ദ്രം ധാർഷ്ട്യം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം ലോക്‌സഭയിൽ ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന കർഷകരെ ഖലിസ്ഥാനി, മാവോയിസ്റ്റുകൾ എന്ന മുദ്രകുത്തുന്നത് തെറ്റാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. രാജ്യസഭയിൽ കണ്ണീർ പൊഴിച്ച പ്രധാനമന്ത്രി എന്തുകൊണ്ട് കർഷകർക്കായി കണ്ണീർ പൊഴിക്കുന്നില്ലെന്ന് തൃണമൂലിലെ സൗഗത റോയ് ചോദിച്ചു. കർഷക പ്രശ്‌നങ്ങൾ കേന്ദ്രം മനസിലാക്കണമെന്നും അഭിമാനപ്രശ്‌നമായി കർഷക സമരത്തെ കാണരുതെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. മാറ്റാൻ പറ്റാത്ത വിശുദ്ധമതവാക്യങ്ങളല്ല കർഷക നിയമങ്ങളെന്നും അദ്ദേഹം വിമർശിച്ചു.

പ്രധാനമന്ത്രിയുടെ സമരജീവി പരാമർശത്തിനെതിരെയും പ്രതിഷേധമുയർ‌ന്നു. പരാമർശം പിൻവലിച്ച് മോദി മാപ്പുപറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് സമരങ്ങളിലൂടെയാണെന്ന് ചൂണ്ടിക്കാട്ടി അഖിലേഷ് യാദവ് എന്നാൽ സമരം ചെയ്യുന്നവരെയെല്ലാം പ്രധാനമന്ത്രി ആക്ഷേപിക്കുകയാണെന്ന് പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയുടെ പവിത്രതയും ഉയർത്തിപ്പിടിക്കുമെന്ന് അവകാശപ്പെടുന്ന കേന്ദ്രം അതിന് കടകവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് എ.എം ആരിഫ് എം.പി ചൂണ്ടിക്കാട്ടി. ചെങ്കോട്ടയിലുണ്ടായ അക്രമസംഭവങ്ങളിൽ കേന്ദ്രത്തിന് പങ്കുണ്ടെന്നും ഈ വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണത്തിന് കേന്ദ്രം തയ്യാറാവണമെന്നും ആരിഫ് ആവശ്യപ്പെട്ടു.