
ന്യൂഡൽഹി:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സംഘം ഈ മാസം 13നും 14നും കേരളത്തിൽ ചർച്ച നടത്തും. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ, കമ്മിഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ, സെക്രട്ടറി ജനറൽ ഉമേഷ് സിൻഹ എന്നിവരാണ് എത്തുന്നത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ എത്തിയ സംഘം നാളെ ( വെള്ളി ) രാത്രി കേരളത്തിൽ എത്തും. അടുത്ത രണ്ട് ദിവസം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ആശയവിനിമയം നടത്തും.
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 15ന് ശേഷം ഏത് ദിവസവും പ്രഖ്യാപിച്ചേക്കും. ഏപ്രിലിൽ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റഘട്ടമായും ബി.ജെ.പി-തൃണമൂൽ രാഷ്ട്രീയ പോര് രൂക്ഷമായ പശ്ചിമബംഗാളിൽ ആറ് ഏഴോ ഘട്ടമായും വോട്ടെടുപ്പ് നടത്താനാണ് നീക്കം. ബി.ജെ.പി ഭരണത്തിലുള്ള അസമിൽ രണ്ട് ഘട്ടമായിരിക്കുമെന്നുമാണ് സൂചനകൾ. പുതുച്ചേരിയിലേക്കും പോകുന്ന കമ്മിഷൻ അസമിലും ബംഗാളിലും നേരത്തെ സന്ദർശനം നടത്തിയിരുന്നു.