twitter

ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് തെറ്റായതും പ്രകോപനപരവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ കത്തിന് മറുപടി നല്കി ട്വിറ്റർ. കേന്ദ്ര നിർദ്ദേശം ഇന്ത്യൻ നിയമങ്ങളുമായി ചേർന്നു പോകുന്നില്ലെന്നും തങ്ങളുടെ നയം ലംഘിച്ച ചില അക്കൗണ്ടുകൾക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും ട്വിറ്റർ അറിയിച്ചു.

അഭിപ്രായം സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച് വാർത്താമാദ്ധ്യമങ്ങൾ, മാദ്ധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയക്കാർ എന്നിവരുടെ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തിട്ടില്ല. അങ്ങനെ ചെയ്താൽ ഇന്ത്യൻ നിയമപ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശങ്ങളുടെ ലംഘനമാവും. ചില അക്കൗണ്ടുകൾ കൺട്രി വിത്‌ഹെൽഡ് കണ്ടന്റ് നയപ്രകാരം ഇന്ത്യയിൽ മാത്രം ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് അവ ലഭ്യമാകും. കൂടാതെ അപകടകരമായ ഉള്ളടക്കമുള്ള ഹാഷ്‌ടാഗുകളുടെ വിസിബിലിറ്റി കുറയ്ക്കുന്നതടക്കമുള്ള നടപടിയെടുത്തു. ട്വിറ്റർ നയങ്ങൾ ലംഘിച്ച ചിലത് സസ്‌പെൻഡ് ചെയ്തു. 500ൽ അധികം അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തു. ഇക്കാര്യങ്ങൾ കേന്ദ്ര ഐ.ടി മന്ത്രാലയത്തെ അറിയിച്ചതായും ട്വിറ്റർ വ്യക്തമാക്കി.

ഖാലിസ്ഥാൻ, പാകിസ്ഥാൻ ബന്ധമാരോപിച്ച് 1,178 ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാനാണ് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത്. ഇവ നടപ്പാക്കിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.