
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ യാവത്മാൽ ജില്ലയിൽ കടുവയെ കൊന്നതിന് പാരിതോഷികം പ്രഖ്യാപിച്ച സർക്കാർ നടപടിക്ക് സുപ്രീംകോടതിയുടെ സ്റ്റേ. നരഭോജി എന്നാരോപിച്ച് അവ്നി എന്ന കടുവയെയാണ് 2018ൽ എട്ടുപേരടങ്ങിയ സംഘം കൊന്നത്. ഇതിനെതിരെ സംഗീത ഡോംഗ്ര എന്ന വന്യജീവി ഗവേഷക പരാതി നൽകുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അടങ്ങിയ ബെഞ്ച് പാരിതോഷികം തടയുകയും വിശദീകരണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി വികാസ് ഖാർഗെയ്ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
13 പേരെ അവ്നി കൊന്നെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ ഇത് തെറ്റാണെന്ന് ഹർജിക്കാരി പറഞ്ഞു.
അവ്നി നരഭോജിയല്ലെന്നതിന് തെളിവ് എന്താണെന്ന് സുപ്രീംകോടതി ആരാഞ്ഞു. മനുഷ്യരെ തിന്നുന്ന കടുവയുടെ ആമാശത്തിൽ മനുഷ്യന്റെ മുടി, പല്ല്, നഖം തുടങ്ങിയവ ചുരുങ്ങിയത് ആറ് മാസമെങ്കിലും ദഹിക്കാതെ കിടക്കുമെന്നും എന്നാൽ അവ്നിയെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ ഇവയൊന്നും ലഭിച്ചില്ലെന്നും ഹർജിക്കാരി അറിയിച്ചു.
തുടർന്ന് ഇത് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. 2018ൽ വലിയ സംഘട്ടനങ്ങളിലൂടെയാണ് അവ്നിയെ വെടിവച്ച് കൊലപ്പെടുത്തിയത്. എന്നാൽ ഇത് കരുതികൂട്ടിയുള്ള കൊലയെന്നാണ് വന്യജീവി സ്നേഹികളുടെ ആരോപണം.