justice-pushpa-ganediwala

ന്യൂഡൽഹി: വസ്ത്രത്തിന് മീതെ സ്പർശിച്ചാൽ ലൈംഗിക പീഡനമാകില്ലെന്ന് പരാമർശിക്കുന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ വിധിക്കെതിരെ സുപ്രീംകോടതി വീണ്ടും നോട്ടീസ് അയച്ചു. ദേശീയ വനിതാ കമ്മീഷന്റെ ഹർജിയിലാണിത്. മൂന്ന് വനിതാ അഭിഭാഷകർ നൽകിയ പരാതി പരിഗണിച്ച് കഴിഞ്ഞ മാസം 27ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി സ്റ്റേ ചെയ്തിരുന്നു.

സമാന സ്വഭാവമുള്ള ഹർജികളുമായി ഭാരതീയ സ്ത്രീ ശക്തി, യൂത്ത് ബാർ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ എത്തിയെങ്കിലും സുപ്രീംകോടതി പരിഗണിച്ചില്ല. വിഷയത്തിൽ കൃത്യമായ ഒരു ഹർജി തയ്യാറാക്കി സമർപ്പിക്കാൻ അറ്റോർണി ജനറലിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അതിനാൽ പരാതിക്കാർ അറ്റോർണി ജനറലിനെ സമീപിക്കാനും കോടതി നിർദേശിച്ചു.

31 വയസുകാരൻ 12 വയസുള്ള പെൺകുട്ടിയുടെ ഷാൾ മാറ്റി മാറിടത്തിൽ അമർത്തിപ്പിടിച്ച കേസിലാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ഞെട്ടിക്കുന്ന പരാമർശം നടത്തിയത്. പ്രതിക്ക് പോക്‌സോ കേസ് ചുമത്താതെ, ഒരു വർഷത്തെ തടവുശിക്ഷയാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാല വിധിച്ചത്.