ins-virat

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് വിരാട് പൊളിക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീംകോടതി. യുദ്ധക്കപ്പൽ ഏറ്റെടുത്ത് രൂപമാറ്റം വരുത്തി മ്യൂസിയമാക്കി മാറ്റാൻ ആഗ്രഹിക്കുന്ന എൻവിടെക് എന്ന സ്വകാര്യ കമ്പനിയുടെ ഹർജിയിലാണ് നടപടി.

പണം വാങ്ങി കപ്പൽ വിട്ടുകൊടുക്കാൻ തയാറാണോയെന്ന് നിലവിലെ ഉടമയായ ശ്രീരാം ഷിപ്പ് ബ്രേക്കേഴ്‌സിനോടും യുദ്ധകപ്പൽ വിട്ട് കൊടുക്കുന്നത് സംബന്ധിച്ച നടപടി ക്രമങ്ങളെക്കുറിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം തേടിയും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഇക്കാര്യത്തിൽ എൻവിടെക് കഴിഞ്ഞ നവംബറിൽ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും എൻ.ഒ.സി നൽകാൻ പ്രതിരോധമന്ത്രാലയം വിസമ്മതിച്ചതിനെത്തുട‌ർന്ന് ഹർജി തള്ളിയിരുന്നു.

2017ൽ ഡീകമ്മിഷൻ ചെയ്ത ഐ.എൻ.എസ് വിരാട് കഴിഞ്ഞ വർഷം ലേലം നടത്തി 65 കോടി രൂപയ്ക്ക് ശ്രീറാം ഷിപ് ബ്രേക്കേഴ്‌സിന് പ്രതിരോധ മന്ത്രാലയം വിൽക്കുകയായിരുന്നു. നിലവിൽ ഗുജറാത്തിലെ അലാംഗിൽ പൊളിക്കാനുള്ള നടപടികൾ കാത്ത് കിടപ്പാണ് വിരാട്. നൂറ് കോടി രൂപ നൽകാമെന്നാണ് എവിടെക് കോടതിയെ അറിയിച്ചിരിക്കുന്നത്. 1987ൽ യു.കെയിൽ നിന്നും ഇന്ത്യ വാങ്ങിയ കപ്പലിന് 65 വർഷത്തെ പഴക്കമുണ്ട്. ഐ.എൻ.എസ്. വിരാട് മ്യൂസിയവും ഹോട്ടലുമാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര സർക്കാരുകൾ 2018ൽ പ്രതിരോധ മന്ത്രാലയത്തിനെ സമീപിച്ചെങ്കിലും അനുമതി നിഷേധിച്ചിരുന്നു.