
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലിൽ ഞായറാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിന് മൂന്നാം ദിവസവും പുരോഗതിയില്ല. ടൺ കണക്കിന് പാറകൾക്കും മറ്റു അവശിഷ്ടങ്ങൾക്കും മുകളിലായി പത്തടി ഉയരത്തിൽ ചെളികൂടി അടിഞ്ഞതോടെ യന്ത്രസഹായത്തോടെ പോലും മുന്നോട്ട് നീങ്ങാനാകാത്ത അവസ്ഥയിലാണ് രക്ഷാപ്രവർത്തകർ. ചിനൂക് ഹെവി ലിഫ്റ്റ് ഹെലിക്കോപ്റ്ററുകൾ, ഡ്രോണുകൾ, വിമാനങ്ങൾ എന്നിവ ഉപയോഗിച്ചുള്ള ആകാശനിരീക്ഷണവും മറീൻ കമാൻഡോകൾ, സ്‌നിഫർ നായ്ക്കൾ തുടങ്ങിയവ ഉൾപ്പെടുത്തി കരയിലും വെള്ളത്തിലും ഒരുപോലെ രാവും പകലും രക്ഷാപ്രവർത്തനം തുടരുകയാണ്.
''ഇന്നലെ ആകെ കണ്ടെത്താനായത് രണ്ട് മൃതദേഹങ്ങളാണ്. ആകെ ലഭിച്ചത് 34 മൃതദേഹങ്ങൾ. ഭൂരിഭാഗവും ശരീരഭാഗങ്ങൾ വേർപ്പെട്ട നിലയിൽ. രണ്ട് പൊലീസുകാരുടേത് ഉൾപ്പടെ എട്ടെണ്ണം തിരിച്ചറിഞ്ഞു. കാണാതായവരിൽ 90 ശതമാനവും ബിഹാർ, യു.പി. ഝാർഖണ്ഡ് തുടങ്ങിയിടങ്ങളിൽ നിന്നുള്ള എൻ.ടി.പി.സി തൊഴിലാളികളാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിച്ചിരുന്ന ഓഫീസും പ്രളയത്തിൽ ഒലിച്ചുപോയിരുന്നു. അപകടമുണ്ടായ ദിവസം തുരങ്കങ്ങളിൽ എത്രപേർ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്നതിന് പോലും രേഖകളില്ല. കാണാതായവരുടെ സംഖ്യ 170 - 204നും ഇടയിൽ വരുമെന്നാണ് പ്രഥമിക നിഗമനം'' - രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഐ.ടി.ബി.പി ഡി.ഐ.ജി അപർണകുമാർ അറിയിച്ചു.
നിർമാണത്തിലിരുന്ന മറ്റ് രണ്ട് തുരങ്കങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മേൽക്കൂരയില്ലാത്ത ഈ തുരങ്കങ്ങൾ പൂർണമായി മണ്ണിനടിയിലാണ്. മുപ്പതോളം പേർ കുടുങ്ങിയെന്ന് കരുതുന്ന 2.5 കലോമീറ്റർ നീളമുള്ള ഒരു തുരങ്കത്തിൽ 150 മീറ്ററിൽ മാത്രമാണ് രക്ഷാപ്രവർത്തകർക്ക് എത്താനായത്.
തുരങ്കത്തിനുള്ളിൽ വെള്ളം നിറഞ്ഞിട്ടുണ്ടോയെന്നും സംശയമുണ്ട്. ചെളിമാറ്റുന്നതിനിടെ വെള്ളം കുത്തിയൊലിച്ചെത്തിയാൽ രക്ഷാപ്രവർത്തകരുടെ ജീവനും അപകടത്തിലാകും. ഈ പ്രതിബന്ധങ്ങളെല്ലാം നീക്കം ചെയ്ത് മൃതദേഹങ്ങൾ കണ്ടെടുക്കാൻ ദിവസങ്ങളെടുത്തേക്കും.
ദുരന്തത്തിൽ ദലൈലാമ ദുഃഖം പ്രകടിപ്പിച്ചു. ഉത്തരാഖണ്ഡിന് സഹായം എത്തിക്കാൻ ദലൈലാമ ട്രസ്റ്റിനോട് ആവശ്യപ്പെടുകയും ചെയ്തു.
ദുരന്തത്തിന് പിന്നിൽ ആണവ ഉപകരണമെന്ന് നാട്ടുകാർ
ചമോലിയിലെ മിന്നൽപ്രളയത്തിന് കാരണം വർഷങ്ങൾക്ക് മുമ്പേ നന്ദാദേവി മലനിരകളിൽ ഉപേക്ഷിക്കപ്പെട്ട ആണവ ഉപകരണമാണെന്ന ആരോപണവുമായി നാട്ടുകാർ. ദുരന്തമുണ്ടായ റേനി ഗ്രാമത്തിലുള്ളവരാണ് 1965ൽ ഉപേക്ഷിക്കപ്പെട്ട ആണവ ഉപകരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടത്.
ദുരന്തമുണ്ടായ ദിവസം അന്തരീക്ഷത്തിലാകെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഈ സമയത്ത് ശ്വാസംമുട്ടലടക്കമുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. സാധാരണ ഹിമപാതമോ ഉരുൾപൊട്ടലോ ഉണ്ടായാൽ ഇങ്ങനെയുണ്ടാകില്ല.
1965ലാണ് നന്ദാദേവി കൊടുമുടിയിൽ ആണവ ഉപകരണം സ്ഥാപിക്കാൻ ഇന്റലിജൻസ് ബ്യൂറോയും സെൻട്രൽ ഇന്റലിജൻസ് ഏജൻസിയും തീരുമാനിച്ചത്. ചൈന ആണവപരീക്ഷണങ്ങൾ നടത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയായിരുന്നു പ്രധാനലക്ഷ്യം.
എട്ട് മുതൽ പത്ത് അടി വരെ നീളമുള്ള ആന്റിനകളും രണ്ട് ട്രാൻസീവർ സെറ്റുകളുമടക്കമുള്ള ഉപകരണത്തിന് 56 കിലോയോളം ഭാരമുണ്ടായിരുന്നു. ഉപകരണം സ്ഥാപിക്കാനെത്തിയവർ ഹിമപാതത്തിൽപ്പെടുകയും ഏഴ് പ്ലൂട്ടോണിയം ക്യാപ്സൂളുകൾ അടങ്ങിയ കണ്ടെയ്നറും ഉപകരണവും മലനിരകളിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഒരു വർഷത്തിന് ശേഷം മലനിരകളിൽ തിരച്ചിൽ നടത്തിയെങ്കിലും ഉപകരണം കിട്ടിയില്ല. ഈ ഉപകരണത്തിൽനിന്നുള്ള ആണവ വികിരണം ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്ന് യു.എസ്. സെനറ്ററായിരുന്ന റിച്ചാർഡ് ഓതിയറും റഷ്യൻ ശാസ്ത്രജ്ഞനായ ആർതർ കോംപലീനെയും മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, നാട്ടുകാരുടെ ആരോപണം തെറ്റാണെന്ന് മുൻ നാവിക ഉദ്യോഗസ്ഥനായ എം.എസ്. കോലി പറഞ്ഞു.