port-bill

ന്യൂഡൽഹി: കാർഷികനിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി 18ന് റെയിൽ ഉപരോധം പ്രഖ്യാപിച്ച് കർഷക സംഘടനകൾ. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് നാലു വരെയാണ് സമരം.

കാർഷിക നിയമങ്ങളെ ന്യായീകരിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മറുപടിയുമായി 16ന് എല്ലാ ഗ്രാമങ്ങളിലും പൊതുയോഗങ്ങൾ ചേരും. വെള്ളിയാഴ്ച രാജസ്ഥാനിൽ ദേശീയ പാതകളിൽ ടോൾ പ്ലാസ തുറക്കൽ സമരം. ഞായറാഴ്ച പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലികളർപ്പിക്കാൻ മെഴുകുതിരി ജ്വാല തെളിച്ച് പ്രകടനം. ഛോട്ടുറാമിന്റെ ജന്മവാർഷികദിനത്തിൽ കർഷകസമരഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കും. സമരം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനും സിംഘു അതിർത്തിയിൽ ചേർന്ന സംയുക്ത കിസാൻമോർച്ച യോഗം തീരുമാനിച്ചു.

ഫെബ്രുവരി ആറിന് നടത്തിയ ദേശവ്യാപക റോഡ് ഉപരോധം വിജയമായതിന് പിന്നാലെയാണ് പ്രക്ഷോഭം കൂടുതൽ ഊർജ്ജിതമാക്കാൻ തീരുമാനിച്ചത്.