modi

 സ്വകാര്യമേഖലയെ അധിക്ഷേപിക്കുന്നത് നല്ലതല്ല  വാക്കൗട്ട് നടത്തി പ്രതിപക്ഷം

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ നിലവിൽ വന്ന ശേഷം ഒരു ചന്തയും അടച്ചുപൂട്ടിയിട്ടില്ലെന്നും താങ്ങുവില ഇല്ലാതായിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറ‌ഞ്ഞു.

'കർഷകർക്കൊന്നും നഷ്ടമായിട്ടില്ല. സ്വകാര്യമേഖലയെ അധിക്ഷേപിക്കുന്ന സംസ്‌കാരം നല്ലതല്ല. കർഷകരുടെ താത്പര്യം മുൻനിറുത്തി പുതിയ നിയമങ്ങളിൽ മാറ്റം വരുത്താൻ തയാറാണെന്നും' മോദി ആവർത്തിച്ചു.

ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'പുതിയ നിയമങ്ങൾ പ്രകാരം കർഷകർക്ക് ഉത്പന്നങ്ങൾ എവിടെയും വില്ക്കാം. ഏത് തിരഞ്ഞെടുക്കണമെന്ന് ക‌ർഷകർക്ക് തീരുമാനിക്കാം. എല്ലാ വകുപ്പുകളും ഓപ്ഷണലാണ്. ഒന്നും നിർബന്ധമല്ല. എ.പി.എം.സി ചന്തകളും താങ്ങുവിലയും തുടരും. ചന്തകൾ നവീകരിക്കാൻ ബഡ്ജറ്റിൽ പണം വകയിരുത്തിയിട്ടുണ്ട്.'

മോദിയുടെ പ്രസംഗത്തിനിടെ രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാരും തൃണമൂൽ, ഇടത് പാർട്ടികൾ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും വാക്കൗട്ട് നടത്തി.
'സമരം ചെയ്യുന്ന കർഷകരോട് ഈ സഭയ്ക്കും കേന്ദ്രസർക്കാരിനും ബഹുമാനമുണ്ട്. അതുകൊണ്ടാണ് മുതിർന്ന മന്ത്രിമാർ അവരുമായി ചർച്ചയ്ക്ക് തയാറായത്. നിയമം കറുപ്പോ വെളുപ്പോ എന്നതല്ല, അതിന്റെ ഉള്ളടക്കവും ലക്ഷ്യവുമാണ് ചർച്ച ചെയ്യേണ്ടത്. കർഷക സമരത്തെ പവിത്രമായാണ് കാണുന്നത്. എന്നാൽ സമരജീവികൾ ഈ പവിത്ര സമരത്തെ ഹൈജാക്ക് ചെയ്തു. ഗുരുതര കുറ്റകൃത്യങ്ങൾക്ക് ജയിലുള്ളവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫോട്ടോ ഉയർത്തുന്നത് എന്തിനാണ്. പഞ്ചാബിലെ മൊബൈൽ ടവറുകൾ തകർത്തത് എന്തിനാണ്. കർഷക നിയമങ്ങളും ഇതുമായി എന്തുബന്ധമാണുള്ളത്. ഇത് കർഷക സമരത്തെ അപമാനിക്കലല്ലേ.
രാജ്യത്തിന്റെ വികസനത്തിന് പൊതു,സ്വകാര്യമേഖലകളുടെ പങ്കാളിത്തം ആവശ്യമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ മനോഭാവം വച്ച് 21-ാം നൂറ്റാണ്ടിൽ കാർഷിക പരിഷ്‌കരണം നടത്താനാകില്ല. ആഗോള സാഹചര്യത്തിനനുസരിച്ച് മാറ്റം വരുത്തേണ്ടതുണ്ട്. ആവശ്യമായ നിക്ഷേപമോ, ആധുനികവത്കരണമോ കാർഷിക മേഖലയിൽ ഇതുവരെ നടന്നിട്ടില്ലെന്നും" മോദി പറഞ്ഞു.

 കോൺഗ്രസ് ആശയക്കുഴപ്പത്തിൽ

പ്രസംഗത്തിനിടെ പ്രതിഷേധം ഉയർത്തി വാക്കൗട്ട് നടത്തിയ കോൺഗ്രസിനെതിരെ മോദി രൂക്ഷ വിമർശനമുന്നയിച്ചു.

ആറ് പതിറ്റാണ്ടോളം രാജ്യം ഭരിച്ച കോൺഗ്രസ് ആശയക്കുഴപ്പത്തിലാണ്. രാജ്യസഭയിൽ ഒരു നിലപാടും ലോക്‌സഭയിൽ മറ്റൊരു ദിശയിലുമാണ്. ലോക്‌സഭയിലെ പ്രതിഷേധം ആസൂത്രിതമാണ്. നുണകളും അഭ്യൂഹങ്ങളും തുറന്നു കാട്ടപ്പെടാതിരിക്കാനാണ് ബഹളം വയ്ക്കുന്നത്. സത്യം പുറത്തുവന്നാൽ അവർക്ക് ബുദ്ധിമുട്ടാകുമെന്നും അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുമെന്നും മോദി പറ‌ഞ്ഞു.