
ന്യൂഡൽഹി: കൊച്ചി അടക്കമുള്ള വൻ തുറമുഖങ്ങളുടെ നടത്തിപ്പിന് പോർട്ട് ട്രസ്റ്റുകൾക്ക് പകരം കൂടുതൽ സ്വയംഭരണാധികാരമുള്ള മേജർ പോർട്ട് അതോറിറ്റി ബോർഡുകൾ രൂപീകരിക്കാനുള്ള ബില്ല് രാജ്യസഭ പാസാക്കി. ചെന്നൈ, കണ്ട്ല, കൽക്കത്ത, മുംബയ്, ന്യൂമാംഗ്ലൂർ, പാരദ്വീപ് , വിശാഖപട്ടണം തുടങ്ങിയ പ്രധാന തുറമുഖങ്ങളാണ് ഈ മേജർ പോർട്ട് അതോറിറ്റി ബില്ലിന് കീഴിൽവരിക. 44നെതിരെ 84 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. ലോക്‌സഭയുടെ മൺസൂൺ സമ്മേളനത്തിൽ ബില്ല് പാസാക്കിയിരുന്നു.
പുതിയ ബിൽ രാജ്യത്തെ വലിയ തുറമുഖങ്ങളുടെ നടത്തിപ്പിൽ സ്വയംഭരണവും സുതാര്യതയും ഉറപ്പുവരുത്തുന്നുമെന്ന് ഷിപ്പിംഗ് മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
തുറമുഖങ്ങൾ സ്വകാര്യവത്കരിക്കുകയല്ല. അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യം ഒരുക്കാനും സ്വകാര്യ തുറമുഖങ്ങളോടുള്ള മത്സരക്ഷമത കൂട്ടാനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ തുറമുഖങ്ങളെ കോർപറേറ്റുകൾക്ക് അടിയറവയ്ക്കാനുള്ള നിയമനിർമാണമാണിതെന്ന് സി.പി.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം ബില്ലിൻമേലുള്ള ചർച്ചയിൽ പറഞ്ഞു. രാജ്യരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കാൻ പോലും സർക്കാർ തയ്യാറായില്ല. വൻതോതിൽ പൊതു നിക്ഷേപമുള്ള പോർട്ട് ട്രസ്റ്റുകളുടെ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും കുത്തകകളുടെ കൈകളിലേക്ക് മാറ്റപ്പെടാൻ ഈ നിയമം വഴിവെക്കും എളമരം കരീം പറഞ്ഞു.