kathua-case

ന്യൂഡൽഹി :കത്വാ കേസിനായി നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, മുസ്ലിം യൂത്ത് ലീഗ് 5 ലക്ഷം നൽകിയെന്ന് ഇരയുടെ കുടുംബം വെളിപ്പെടുത്തി. കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ വളർത്തച്ഛനാണ്, 3.5 ലക്ഷം രൂപ പണമായും, 1.5 ലക്ഷം രൂപ ചെക്കായും 2018ൽ ഡൽഹിയിൽ വച്ച് ലഭിച്ചതായി പറഞ്ഞത്.

മുസ്ലിം യൂത്ത് ലീഗിൽ നിന്ന് കേസ് നടത്തിപ്പിനായി പണം വാങ്ങിയിട്ടില്ലെന്നും, അഭിഭാഷകരെല്ലാം സൗജന്യമായാണ് കേസ് വാദിച്ചതെന്നും പറഞ്ഞ അഭിഭാഷക ദീപിക സിംഗ് രജാവത്തിനെതിരെയും കുടുംബം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 110 തവണ കേസ് വിളിച്ചപ്പോൾ ദീപിക ഹാജരായത് 2 തവണ മാത്രമാണ്. ഇതിനായി 1.5 ലക്ഷം രൂപയും വാങ്ങിയിരുന്നു. അഭിഭാഷക ഹാജരാകാത്തത് കേസിനെ ബാധിക്കുമെന്ന് കണ്ടതോടെ,​ 2018 നവംബറിൽ ഇവരുടെ വക്കാലത്ത് ഒഴിവാക്കിയതാണ്. പെൺകുട്ടിയുടെ പിതാവ് നിലവിൽ കേസ് വാദിക്കുന്ന അഭിഭാഷകൻ മുബീൻ ഫറൂഖിക്ക് വക്കാലത്ത് ഏൽപ്പിക്കുകയും ചെയ്തു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കത്വാ,​ ഉന്നാവ് പെൺകുട്ടികളുടെ കുടുംബങ്ങളെ സഹായിക്കാൻ യൂത്ത് ലീഗ് സമാഹരിച്ച ഒരു കോടിയോളം രൂപ സ്വകാര്യ ആവശ്യങ്ങൾക്കായി ചെലവഴിച്ചെന്ന ആരോപണം യൂത്ത് ലീഗ് മുൻ ദേശീയ സമിതിയംഗം യൂസഫ് പടനിലമാണ് ഉയർത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസും, ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈറും പണം ദുർവിനിയോഗം ചെയ്‌തെന്നാണ് ആരോപണം.