
സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി :നയതന്ത്ര സ്വർണക്കടത്തു കേസുകളിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സുപ്രീംകോടതിയെ സമീപിച്ചു. ശിവശങ്കർ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും കാണിച്ച് കൊച്ചി ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടറാണ് ഹർജി നൽകിയത്.
ശിവശങ്കറിന് എതിരെ തെളിവുകൾ ഇല്ലെന്ന് ഹൈക്കോടതിയും പറഞ്ഞിട്ടില്ലെന്നാണ് ഇ ഡി യുടെ വാദം. അന്വേഷണത്തിൽ ശക്തമായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. കണക്കിൽ പെടാത്ത 64 ലക്ഷം രൂപ തിരുവനന്തപുരം എസ്.ബി.ഐ ബ്രാഞ്ചിലെ ലോക്കറിൽ കണ്ടെത്തിയ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലാണ്. അതിനാൽ ജാമ്യം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഇ.ഡിയുടെ ആവശ്യം.
കേന്ദ്ര സർക്കാർ അഭിഭാഷകനായ ബി.വി. ബൽറാം ദാസ് ഫയൽ ചെയ്ത ഹർജിയിൽ അഞ്ച് ചെറിയ പിഴവുകളുണ്ടെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു. ഇവ പരിഹരിച്ചാൽ ഉടൻ ഹർജി ലിസ്റ്റ് ചെയ്യും.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ 2020 ഒക്ടോബർ 28നാണ് ഇ.ഡി ശിവശങ്കറെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ആദ്യം ജാമ്യം ലഭിച്ചത്. സ്വർണക്കടത്ത്, ഡോളർ കടത്തു കേസുകളിലും ജാമ്യം അനുവദിച്ചതോടെ ഈ മാസം മൂന്നിനാണ് ശിവശങ്കർ ജയിൽ മോചിതനായത്.