
നാല് ദിനം തിരഞ്ഞ തുരങ്കത്തിൽ തൊഴിലാളികളില്ലെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലിയിൽ മിന്നൽപ്രളയത്തിലകപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം അഞ്ചാം ദിനത്തിലും വിഫലം. എവിടെയാണ് തൊഴിലാളികൾ കുടിങ്ങിക്കിടക്കുന്നതെന്നതിന് വ്യക്തമായ ധാരണയില്ലെന്നതും ഋഷിഗംഗയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. തെരച്ചിൽ ഭാഗികമായി നിറുത്തി വയ്ക്കേണ്ടി വന്നു.
35 തൊഴിലാളികൾ അകപ്പെട്ടിരിക്കുന്നുവെന്ന നിഗമനത്തിൽ കഴിഞ്ഞ നാല് ദിവസമായി മണ്ണും ചെളിയും നീക്കിക്കൊണ്ടിരുന്ന തപോവനിലെ തുരങ്കത്തിൽ തൊഴിലാളികളില്ലെന്നാണ് പുതിയ നിഗമനം.
തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിലപ്പെട്ട മണിക്കൂറുകൾ പാഴാക്കിയത് അവശേഷിക്കുന്ന ജീവൻ കണ്ടെത്തുന്നതിൽ തിരിച്ചടിയാകാമെന്നാണ് രക്ഷാപ്രവർത്തകരുടെ വിലയിരുത്തൽ.
തുടർന്ന് ഇന്നലെ വൈകിട്ട് മറ്റൊരു ടണലിലേക്ക് കൂടി തെരച്ചിൽ വ്യാപിപ്പിച്ചു. നിലവിലെ തുരങ്കത്തിൽ നിന്ന് 12 മീറ്റർ താഴെയാണ് രണ്ടാമത്തെ തുരങ്കം. ഇതിലേക്ക് എത്തിപ്പെടാനായി ഡ്രില്ലിംഗ് മെഷീനുകൾ ഉപയോഗിച്ച് തുരക്കുകയാണ്. എന്നാൽ ഇടയ്ക്കിടെ ഋഷിഗംഗയിൽ ജലനിരപ്പ് ഉയരുന്നതിനാൽ രക്ഷാപ്രവർത്തനം നിറുത്തി വച്ച്, യന്ത്രസാമഗ്രികൾ കൂടുതൽ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റേണ്ട സ്ഥിതിയാണ്.
തുരങ്കത്തിൽ സൂക്ഷിച്ചിരുന്ന സിമന്റ്
ചാക്കുകൾ വെള്ളത്തിൽ കുതിർന്ന് ചെളിയും മറ്റ് അവശിഷ്ടങ്ങളുമായി ചേർന്ന് ഉറച്ച് പോയത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരിക്കയാണ്. മാത്രമല്ല, തുരങ്കത്തേക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരുന്നതും തിരിച്ചടിയായി. സി.പി.എം., സി.ഐ.ടി.യു., അഖിലേന്ത്യ കിസാൻസഭ, എസ്.എഫ്.ഐ. നേതാക്കളുടെ സംഘം ചമോലി സന്ദർശിച്ചു.
ഡി.എൻ.എ. ശേഖരിക്കുന്നു.
ആകെ 36 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തിരിച്ചറിയാനായി ഇവയുടെ ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുകയാണ്. 170തോളം പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഉത്തരാഖണ്ഡ് (70 പേർ), ഉത്തർപ്രദേശ് (66 പേർ), ഝാർഖണ്ഡ് (13 പേർ), നേപ്പാൾ (11 പേർ), ബിഹാർ , ഹിമാചൽ (ഒൻപത് വീതം ), പഞ്ചാബ് , പശ്ചിമബംഗാൾ (ആറ് വീതം), മദ്ധ്യപ്രദേശ് (4 പേർ), അസാം (2 പേർ), ഡൽഹി , ഒഡീഷ (രണ്ട് പേർ), ഹരിയാന, ജമ്മു കാശ്മീർ (ഒരാൾ വീതം) എന്നിങ്ങനെയാണ് കാണാതായവരുടെ കണക്ക്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് ദുരന്ത സ്ഥലത്ത് ഹെൽപ്പ് ഡെസ്ക്കും ആരംഭിച്ചിട്ടുണ്ട്.കാണാതായവരുടെ ചിത്രങ്ങൾ ഹെൽപ്പ് ഡെസ്കുമായി പങ്ക് വെക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.