pangong

രാജ്യസഭയിൽ രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ പത്തു മാസം നീണ്ട സംഘർഷത്തിന് അയവു വരുത്തി,​ ഇന്ത്യയും ചൈനയും പാംഗോങ് തടാക പ്രദേശത്ത് നിന്ന് ഘട്ടം ഘട്ടമായി സൈന്യത്തെ പിൻവലിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ രാജ്യസഭയിൽ അറിയിച്ചു.

പാംഗോങ് തടാകത്തിന്റെ കരകളിൽ നിന്ന് മാത്രമാണ് ഇപ്പോൾ സേനാപിൻമാറ്റം. എൽ.എ.സിയിലെ മറ്റ് മേഖലകളിലെ പട്രോളിംഗും സേനാ വിന്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടരുകയാണെന്നും അവ ചൈനയുമായി ചർച്ച ചെയ്യുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

കഴിഞ്ഞ വർഷം സംഘർഷം തുടങ്ങും മുമ്പുള്ള നില പുനഃസ്ഥാപിക്കാൻ പാംഗോങ് തടാകത്തിന്റെ വടക്ക്, തെക്കൻ തീരങ്ങളിൽ മുന്നിലേക്ക് കയറിയ പ്രദേശങ്ങളിൽ നിന്ന് ഇരു സേനകളും പിൻമാറാൻ ജനുവരി 24ന് നടന്ന ഒൻപതാം കമാൻഡർ തല ചർച്ചയിലാണ് കരാറായത്. കരാർ ബുധനാഴ്‌ച നടപ്പാക്കിത്തുടങ്ങിയെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. പിൻമാറ്റം തുടങ്ങിയതായി ബുധനാഴ്ച ചൈനീസ് വക്താവും പ്രഖ്യാപിച്ചിരുന്നു.

പാംഗോങിലെ പിൻമാറ്റത്തിന് ശേഷം പട്രോളിംഗ് പോയിന്റ് -17, 15 തുടങ്ങിയ മറ്റു സംഘർഷ മേഖലകളെ കുറിച്ച് ചർച്ച നടക്കും.

പിന്മാറ്റ വ്യവസ്ഥകൾ

- പാംഗോംങ് തടാകത്തിന്റെ വടക്കൻ തീരത്ത് ചൈനീസ് സേന

ഫിംഗർ എട്ടിന് കിഴക്ക് ഭാഗത്തേക്ക് പിൻമാറും

- ഇന്ത്യൻ സേന ഫിംഗർ 3ന് സമീപത്തെ സ്ഥിരം താവളമായ ധൻ സിംഗ് താപ്പ പോസ്റ്റിലേക്കും മാറും
- തെക്കൻ തീരത്തും ഇരുസേനകളുടെയും സമാനമായ പിന്മാറ്റം
- ഇരു കരകളിലും 2020 ഏപ്രിൽ മുതൽ ഇരുപക്ഷവും നടത്തിയ നിർമ്മാണങ്ങൾ നീക്കി പഴയ സ്ഥിതി പുനഃസ്ഥാപിക്കും

- വടക്കൻ തീരത്ത് ഫിംഗർ മൂന്നിനും എട്ടിനും ഇടയിൽ പരമ്പരാഗത

പട്രോളിംഗ് അടക്കമുള്ള സൈനിക പ്രവർത്തനങ്ങൾ ഇരുവിഭാഗവും താൽക്കാലികമായി നിറുത്തും

- പിൻമാറ്റം പൂർണമായി 48 മണിക്കൂറിനകം മറ്റു പ്രശ്നങ്ങൾ പരിഹരിക്കാൻ സീനിയർ കമാൻഡർമാരുടെ ചർച്ച
- പട്രോളിംഗ് പുനഃസ്ഥാപിക്കൽ നയതന്ത്ര, സൈനിക ചർച്ചകളിൽ ധാരണയായ ശേഷം മാത്രം

ആദ്യംടാങ്കുകൾ

ആദ്യം ഇരു പക്ഷവും ടാങ്കുകളും മറ്റ് സൈനിക വാഹനങ്ങളുമാണ് പിൻവലിക്കുന്നത്. ഇന്ത്യൻ ടാങ്കുകൾ ന്യോമയിലേക്കും സമീപ പ്രദേശങ്ങളിലേക്കും ചൈന സിരിജപ്, മോൾഡോ താവളത്തിലേക്കുമാണ് പിന്മാറുന്നത്.


''ചർച്ചകൾ സംബന്ധിച്ച് ഒന്നും ഒളിച്ചിട്ടില്ല. രാജ്യത്തിന്റെ ഒരിഞ്ചു ഭൂമിയും വിട്ടുകൊടുക്കില്ല. ചൈനയുടെ കൈയേറ്റം അംഗീകരിക്കില്ല. സേനാപിന്മാറ്റത്തിനുള്ള ധാരണകൾ അനുസരിക്കും. ശേഷിക്കുന്ന പ്രശ്‌നപരിഹാരത്തിനായി ചൈന ഇന്ത്യയ്‌ക്കൊപ്പം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലഡാക്കിലെ അതീവമോശം കാലാവസ്ഥയിലും സമ്മുടെ സൈന്യത്തിന്റെ നിശ്ചയദാർഢ്യമാണ് ധാരണയിലേക്ക് നയിച്ചത്. ധീരസൈനികരുടെ ത്യാഗം എപ്പോഴും രാജ്യം ഓർമ്മിക്കും.''

-- രാജ്നാഥ് സിംഗ്

പ്രതിരോധ മന്ത്രി