
ഡൽഹി- തിരുവനന്തപുരം നിരക്ക് വർദ്ധന 5600 രൂപ വരെ
ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റിൽ കുറഞ്ഞ നിരക്കിൽ 10 ശതമാനവും കൂടിയ നിരക്കിൽ 30 ശതമാനവും വരെ വർദ്ധനയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. മൂന്നു മണിക്കൂറിലേറെ യാത്രാസമയമുള്ള ഡൽഹി- തിരുവനന്തപുരം റൂട്ടിൽ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ 700 രൂപയുടെയും കൂടിയ നിരക്കിൽ 5600 രൂപയുടെയും വർദ്ധനവുണ്ടാകും.
രണ്ടര മുതൽ മൂന്നു മണിക്കൂർ വരെ യാത്രാ സമയമുള്ള ഡൽഹി- കൊച്ചി റൂട്ടിൽ സമാനമായി 600 മുതൽ 4700 രൂപ വരെയാണ് കൂടുക. വിമാനത്താവള യൂസർഫീ, പാസഞ്ചർ സെക്യൂരിറ്റി ഫീ തുടങ്ങിയവ ഉൾപ്പെടാതെയുള്ള എക്കണോമി വൺവേ ടിക്കറ്റ് നിരക്കിലാണ് ഇത്. ഇന്ധനവില വർദ്ധനയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
കൊവിഡിനെ തുടർന്ന് മാർച്ച് 25 മുതൽ റദ്ദാക്കിയ യാത്രാവിമാന സർവീസ് മേയ് 25 നാണ് നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് പറക്കൽ സമയം കണക്കാക്കി ഏഴു വിഭാഗങ്ങളായി തിരിച്ച് ടിക്കറ്റ് നിരക്ക് കേന്ദ്രം നിശ്ചയിച്ചത്.
വർദ്ധന ഇങ്ങനെ
40 മിനിട്ട് വരെ വേണ്ട സെക്ടർ: കുറഞ്ഞ നിരക്കിൽ 200 രൂപ കൂടും. കൂടിയ നിരക്കിൽ 1800 രൂപയും.
40 മുതൽ 60 മിനിട്ട് വരെ: 300- 2300 രൂപ.
60 മുതൽ 90 വരെ: 300 - 2700 രൂപ
90 മുതൽ 120 വരെ: 400 - 3000 രൂപ
120 മുതൽ 150 വരെ: 500 - 3900 രൂപ
150 മുതൽ 180 വരെ: 600 - 4700 രൂപ
180 മുതൽ 210 മിനിട്ട് വരെ: 700 - 5600 രൂപ
വിമാന ഇന്ധന വില വർദ്ധന
വിമാനങ്ങളുടെ പ്രവർത്തനച്ചെലവിൽ 45 ശതമാനം വരുന്ന ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (വ്യോമ ഇന്ധനം) വില ഡിസംബർ ഒന്നുമുതൽ ജനുവരി 16 വരെ മാത്രം എണ്ണവിതരണ കമ്പനികൾ കൂട്ടിയത് നാലു തവണ. കിലോ ലിറ്ററിന് ഡിസംബർ ഒന്നിന് 3,288 രൂപയും ഡിസംബർ 16ന് 2,941 രൂപയും ജനുവരി ഒന്നിന് 1,817 രൂപയും ജനുവരി 16ന് 1,512 രൂപയും കൂട്ടി.
ഓരോ മാസവും ഒന്ന്, 16 തീയതികളിലാണ് വിമാന ഇന്ധനവില പരിഷ്‌കരിക്കുന്നത്. ഫെബ്രുവരി ഒന്നിന് വില മാറ്റിയില്ല. അടുത്ത പരിഷ്‌കരണം 16നാണ്.
മെട്രോ നഗരങ്ങളിലെ വില ഇങ്ങനെ:
(കിലോ ലിറ്ററിന്)
ഡൽഹി : ₹ 53,795.41
കൊൽക്കത്ത : ₹ 58,181.69
മുംബയ് : ₹ 51,900.27
ചെന്നൈ : ₹ 54,845.09
രണ്ടുവർഷം മുമ്പ് 25,000 രൂപയിൽ താഴെയുണ്ടായിരുന്ന എ.ടി.എഫ് വിലയാണ് ഇപ്പോൾ 51,000 രൂപ കടന്നത്.