
കഴിഞ്ഞ ഞായറാഴ്ച ഉത്തരാഖണ്ഡ് ഉണർന്നെഴുന്നേറ്റത് ഒരു വലിയ ദുരന്തത്തിലേക്കാണ്. മഞ്ഞുമല ഇടിഞ്ഞ് മിന്നൽപ്രളയമായി മാറിയപ്പോൾ രാജ്യത്തിന് നഷ്ടപ്പെട്ടത് ഇരുന്നൂറ്റിൻപതിലേറെ ജീവനുകളെയാണ്. പരിസ്ഥിതിയെയും വനത്തേയും സംരക്ഷിക്കാൻ 1973 ൽ ഇന്ത്യയിൽ ആരംഭിച്ച് അവസാനം ലോകം മുഴുവൻ വ്യാപിച്ച ചിപ്കോ പ്രസ്ഥാനത്തിന്റെ ഉത്ഭവഭൂമിയായിരുന്നു ഉത്തരാഖണ്ഡിലെ ചമോലി. എന്നാൽ പ്രകൃതി ദുരന്തങ്ങളിൽ പകച്ച് നിൽക്കുകയാണ് ഈ ജില്ലയും ഉത്തരാഖണ്ഡും. രാജ്യത്തിന്റെ അഭിമാനമായി നിർമ്മിച്ച് ഉയർത്തിക്കൊണ്ടുവന്ന 3000 കോടിയുടെ തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി പൂർണമായും ഒലിച്ചു പോയി. ഒപ്പം ചമോലിയിലെ നാട്ടുകാരുടെ സമ്പാദ്യങ്ങളും ജീവനോപാധിയും. കഴിഞ്ഞ ദുരന്തത്തിൽ ഉത്തരാഖണ്ഡുകാർക്കൊപ്പം കൊണ്ടുപോയത് ആയിരത്തോളം സഞ്ചാരികളെയാണെങ്കിൽ ഇത്തവണ പട്ടിണി മാറ്റാൻ എത്തിയ ഒരുകൂട്ടം കരാറുതൊഴിലാളികളെയാണ്. നൂറിലേറെപ്പേർ ഇപ്പോഴും 12 അടിതാഴ്ചയിൽ മണ്ണിനടിയിൽ ജീവനുണ്ടോയെന്ന് പോലും ഉറപ്പില്ലാതെ കുടുങ്ങിക്കിടക്കുന്നു.
ഉത്തരാഖണ്ഡുകാർക്ക് ദുരന്തങ്ങൾ പുത്തരിയല്ല.നിശ്ചിത ഇടവേളകൾക്കിടെ അവയെത്തിക്കൊണ്ടിരിക്കും. പ്രിയപ്പെട്ടതെല്ലാം കവർന്ന് അവ മടങ്ങുകയും ചെയ്യും. പിന്നാലെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പഠനങ്ങൾ നടത്തും. അടുത്ത ദുരന്തമുണ്ടാകും വരെ പഠനറിപ്പോർട്ടുകൾ ഭദ്രമായി പെട്ടിയിലുറങ്ങാൻ തുടങ്ങും. ദുരന്തഭൂമിയായ ഉത്തരാഖണ്ഡിലേക്ക്....
പിൻതുടർന്നെത്തുന്ന ദുരന്തങ്ങൾ
ഉത്തരാഖണ്ഡിനെ വൻ പ്രകൃതി ദുരന്തങ്ങൾ നിരന്തരം വേട്ടയാടാൻ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടുകൾ പിന്നിടുന്നു. ആദ്യത്തേത് 1991ൽ ഉത്തരകാശിയിലുണ്ടായ വൻ ഭൂകമ്പമാണ്. റിക്ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിൽ 768 പേർക്കാണ് ജീവഹാനിയുണ്ടായത്. ആയിരക്കണക്കിന് വീടുകൾ തകർന്നു. 1998ലുണ്ടായ മാൽപ മണ്ണിടിച്ചിലാണ് രണ്ടാമത്തേത്. പിതോറാഗഡിലെ മാൽപ ഗ്രാമത്തിൽ മണ്ണിടിഞ്ഞ് കൈലാസ തീർത്ഥാടകരായ 55 പേരടക്കം 255 പേർ മരിച്ചു.
ഈ ദുരന്തം ശാരദ നദിയുടെ പകുതി ഭാഗത്തെ ഒഴുക്കിന്റെ ഗതിമാറ്റി. 1999ലെ ചമോലി ഭൂകമ്പമാണ് മറ്റൊന്ന്. അന്ന് നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. റോഡുകളിൽ വൻവിള്ളലുകൾ വീണു. 2013 ജൂണിലെ വടക്കേന്ത്യൻ പ്രളയത്തോടൊപ്പമുണ്ടായ മേഘസ്‌ഫോടനവും ഉത്തരാഖണ്ഡിനെ പിടിച്ചുലച്ചു. മണ്ണിടിച്ചിലിലും പ്രളയത്തിലും 5,700 പേർക്ക് ജീവഹാനി സംഭവിച്ചതായാണ് കണക്ക്. ചാർ ധം തീർദത്ഥാടന കേന്ദ്രത്തിലേക്കുള്ള പാത കടന്നുപോവുന്ന താഴ്‌വരയിൽ പാലങ്ങളും റോഡും തകർന്ന് മൂന്നുലക്ഷത്തിലേറെ പേർ ഒറ്റപ്പെട്ടതും ഏറെ ഭയാശങ്ക ഉയർത്തിയിരുന്നു.
പരിസ്ഥിതിയെ അമ്പേ അവഗണിച്ച്
സംസ്ഥാനത്തെ ദുരന്തങ്ങൾക്ക് കാരണം പാരിസ്ഥിതിക മുന്നറിയിപ്പുകളെ അവഗണിച്ചതിന്റെ ഫലമെന്ന് വിദഗ്ധർ പറയുന്നു. സയൻസ് അഡ്വാൻസസ് ജേർണലിൽ 2019ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കാലാവസ്ഥാ വ്യതിയാനം കാരണം ഈ നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഹിമാലയത്തിലെ മഞ്ഞുപാളികൾ ഇരട്ടി വേഗത്തിൽ ഉരുകുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഉപഗ്രഹ നിരീക്ഷണങ്ങൾ വഴി നടത്തിയ പഠനം വിരൽചൂണ്ടുന്നത് കാലാവസ്ഥാ വ്യതിയാനം കാരണം ഹിമാലയത്തിലെ മഞ്ഞുപാളികൾ അതിവേഗം ഉരുകിത്തീരുന്നതായാണ്. ഇന്ത്യ, ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലായി 40 വർഷം കൊണ്ട് എടുത്ത ചിത്രങ്ങളും വിവരങ്ങളുമാണ് പഠനത്തിനായി ഉപയോഗിച്ചത്. 2000 മുതൽ ഓരോ വർഷവും മഞ്ഞുപാളികൾക്ക് നല്ലരീതിയിൽ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് പറയുന്നത്. 1975 മുതൽ 2000 വരെ നടന്ന ദ്രവണാങ്കത്തിന്റെ ഇരട്ടിയാണിത്.
'ഈ കാലയളവിൽ ഹിമാലയത്തിലെ മഞ്ഞുപാളികൾ എത്ര വേഗത്തിൽ ഉരുകുന്നു എന്നതിന്റെ വ്യക്തമായ ചിത്രമാണ് കഴിഞ്ഞദിവസം കണ്ടത്' പഠനത്തിന് നേതൃത്വം നൽകിയ കൊളംബിയ സർവകലാശാലയിലെ ഗവേഷകൻ ജോഷ്വ മൗറർ പറയുന്നു. കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി മഞ്ഞുപാളികളുടെ നാലിലൊന്നാണ് നഷ്ടപ്പെട്ടത്.ഐസ് പാളികൾ ഉരുകുന്ന സമയത്തിലും സ്ഥലത്തിലും സ്ഥിരത പുലർത്തുകയാണെന്നാണ് ഉപഗ്രഹ നിരീക്ഷണങ്ങൾ വഴി നടത്തിയ പഠനം സൂചിപ്പിക്കുന്നത്. വർദ്ധിച്ചു വരുന്ന താപനിലയാണ് ഇതിനു പിന്നിൽ. 2,000 മുതൽ 2016 വരെ ശരാശരി ഒരു ഡിഗ്രി സെൽഷ്യസ് താപനിലയാണ് വർദ്ധിച്ചത്.
പടിഞ്ഞാറു നിന്ന് കിഴക്കോട്ട് 2,000 കിലോമീറ്റർ വരെയുള്ള 650 മഞ്ഞുപാളികളുടെ ആവർത്തിച്ചുള്ള ഉപഗ്രഹ ചിത്രങ്ങൾ ഗവേഷകർ വിശകലനം ചെയ്തു. ഇരുപതാം നൂറ്റാണ്ടിൽ യു.എസ് ചാര ഉപഗ്രഹങ്ങൾ എടുത്ത ഡിക്ലാസിഫൈഡ് ഫോട്ടോഗ്രാഫിക് ചിത്രങ്ങളും പഠനത്തിന് ഉപയോഗിച്ചു.1975 മുതൽ 2000 വരെ പ്രദേശത്തെ മഞ്ഞുപാളികളിൽ നേരിയ ചൂടിനെത്തുടർന്ന് ഓരോ വർഷവും ശരാശരി 0.25 മീറ്റർ ഐസ് നഷ്ടപ്പെടുന്നതായി അവർ കണ്ടെത്തി. 2000 മുതൽ ഈ നഷ്ടം പ്രതിവർഷം അരമീറ്ററായി വർദ്ധിച്ചു. 1990 മുതൽ ആരംഭിച്ച ആഗോളതാപനമാണ് ഇതിന് ഇടവരുത്തിയത്. ഏഷ്യൻ രാജ്യങ്ങൾ ഫോസിൽ ഇന്ധനങ്ങളും ജൈവവസ്തുക്കളും അമിതമായി കത്തിക്കുന്നത് ആഗോള താപനത്തിന്റെ തോത് കൂടാൻ കാരണമാകുന്നു.
അണകെട്ടി വയ്‌ക്കുന്ന ദുരന്തങ്ങൾ
ഉത്തരാഖണ്ഡിലെ പ്രകൃതി ദുരന്തങ്ങൾക്ക് കാരണം വൻതോതിലുള്ള അണക്കെട്ട് നിർമാണവും റോഡ് നിർമാണവുമാണെന്ന് 2013ൽ സംസ്ഥാനത്തുണ്ടായ മേഘവിസ്‌ഫോടനത്തിന് ശേഷം പരിസ്ഥിതി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയതാണ്. അണക്കെട്ടുകളുടെ ഉയരത്തിൽ മുന്നിട്ട് നിൽക്കുന്ന തെഹ്രി തുടങ്ങി 14 ജല വൈദ്യുത പദ്ധതികൾ ഉത്തരാഖണ്ഡിലുണ്ട്. ഭൂചലന സാദ്ധ്യത ഏറ്റവുമധികമുള്ള മേഖലയാണ് ഉത്തരാഖണ്ഡ്. പരിസ്ഥിതിയെ മറന്ന് ഇവിടെ ഒരു വികസനവും സാദ്ധ്യമല്ല.
അതീവ പരിസ്ഥിതിലോല മേഖലയായ ഉത്തരാഖണ്ഡിൽ പരിസ്ഥിതി നിയമങ്ങൾ പാലിക്കാതെയാണ് മിക്ക അണക്കെട്ടുകളും റോഡുകളും നിർമിച്ചതെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവിയോൺമെന്റ് അന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഇനിയും ഇരുനൂറിലേറെ അണക്കെട്ടുകൾ കൂടി നിർമിക്കാനാണ് ഉത്തരാഖണ്ഡ് സർക്കാരിന്റെ പദ്ധതി. ക്രമാതീതമായ റോഡുനിർമാണവും നടന്നുവരുന്നു. കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ 1000 ശതമാനമാണ് വാഹനങ്ങളുടെ വർദ്ധനവ്. ഇതെല്ലാം പരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ചു. പർവതനിരകളെ ഉന്മൂലനം ചെയ്യാൻ രാഷ്ട്രീയക്കാരും മാഫിയകളും ഒരു പോലെ പ്രവർത്തിക്കുന്നുണ്ട്. പർവത മേഖലകളിലെ മണ്ണ് ചോർന്നു തുടങ്ങിയിരിക്കുകയാണ്. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതോടൊപ്പം ദുരന്തങ്ങൾ വർദ്ധിക്കുകയാണെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
2018 ലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഡാം നിർമ്മിച്ച രാഷ്ട്രങ്ങളുടെ പട്ടികയിൽ മൂന്നാംസ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഏകദേശം 51,000ത്തോളം ഡാമുകൾ ഇന്ത്യ ഇതുവരെ പണിതിട്ടുണ്ട്. സാങ്കേതികമായി വളരെയധികം മുന്നേറിയിട്ടുള്ള അമേരിക്ക പോലുള്ള രാജ്യങ്ങളിൽപ്പോലും അണക്കെട്ടുകളുടെ കാലാവധി 50 വർഷം മാത്രമാണ്. എന്നാൽ 50 വർഷം തൊട്ട് 100 വർഷത്തിലേറെ പഴക്കമുള്ള അഞ്ഞൂറിലധികം അണക്കെട്ടുകൾ ഇന്ത്യയിലുണ്ട്. 100 വർഷത്തിലധികം പഴക്കമുള്ള നൂറോളം ഡാമുകൾ ഇതിനു പുറമേയും.
കാലാവധി കഴിഞ്ഞ ഈ ഡാമുകൾ ഉയർത്തുന്ന വെല്ലുവിളികൾ ഭയാനകമാണ്. അണക്കെട്ടുകളുടെ നിർമ്മാണത്തിനുള്ള പ്രധാന കാരണമായി നാം മുന്നോട്ടുവയ്‌ക്കുന്നത് ജലസേചനമാണ്. എന്നാൽ, കഴിഞ്ഞ നാല് ദശാബ്ദങ്ങളായി ഇന്ത്യയിൽ 84 ശതമാനത്തോളം ആശ്രയിക്കുന്നത് ഭൂഗർഭ ജലസ്രോതസുകളെയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വാസ്തവത്തിൽ 1992 മുതൽ വൻ അണക്കെട്ടുകളിൽനിന്നുള്ള ജലസേചനത്തിന്റെ തോത് 1.5 ദശലക്ഷം ഹെക്ടറായി കുറഞ്ഞു. ശാസ്ത്രീയമായി തെളിവുകളുടെ അടിസ്ഥാനത്തിൽ നിലവിലുള്ള അണക്കെട്ടുകളുടെ സുരക്ഷ മെച്ചപ്പെടുത്തുകയും കാലാവധി കഴിഞ്ഞ അണക്കെട്ടുകൾ ഘട്ടംഘട്ടമായി ഡികമ്മീഷൻ ചെയ്യുകയുമാണ് ബുദ്ധിയും വിവേകവും.
അണക്കെട്ടുകളുടെ മറ്റൊരു പ്രധാന ഉപയോഗമായി നാം പറഞ്ഞു കൊണ്ടിരിക്കുന്നത് ഹൈഡ്രോപവറിന്റെ ആവശ്യമാണ്. മൂന്നുരൂപയിൽ താഴെ വിലയ്ക്ക് കാറ്റ്, സോളാർ തുടങ്ങിയ സ്രോതസുകളിൽനിന്നു വൈദ്യുതി കിട്ടുമ്പോൾ യൂണിറ്റിന് എട്ടുരൂപയിലധികം ചെലവു വരുന്ന ജലവൈദ്യുതി പദ്ധതികളിൽ നിന്നുള്ള ഊർജ്ജം എന്തിനുവേണ്ടി, ആർക്കുവേണ്ടി എന്നൊരു ചോദ്യവും ഉയർത്തേണ്ടതല്ല?