
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ചമോലി ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിലകപ്പെട്ടവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഏഴാം ദിവസത്തിലേക്ക് കടക്കവെ, ഇന്നലെ രണ്ടു പേരെ ജീവനോടെ കണ്ടെത്തി. എൻ.ടി.പി.സി തൊഴിലാളികളാണിവർ. തുരങ്കത്തിനുള്ളിൽ രക്ഷാപ്രവർത്തനം നടത്തുന്ന ഐ.ടി.ബി.പി സംഘമാണ് ഇവരെ രക്ഷിച്ചതെന്ന് ചമോലി ജില്ലാ മജിസ്‌ട്രേട്ട് പറഞ്ഞു. ആകെ 204 പേരാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്. ഇതിൽ ഇന്നലെ മൈതാന ഗ്രാമത്തിലെ നദിക്കരയിൽ കണ്ടെത്തിയ കാശ്‌മീരി സ്വദേശിയുടേതടക്കം 37 മൃതദേഹങ്ങൾ കണ്ടെത്തി.
എൻ.ടി.പി.സിയുടെ തപോവൻ – വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിൽ വലിയ ദ്വാരമുണ്ടാക്കി. ഇതിന്റെ വ്യാപ്തി വർദ്ധിപ്പിച്ച് തുരങ്കത്തിലേക്കിറങ്ങിയുള്ള രക്ഷാപ്രവർത്തനമാണ് ഇന്ന് മുതൽ ആരംഭിക്കുക.
ഗ്രാമത്തിന് മുകളിൽ തടാകം
തപോവനിലെ റെയ്‌നി ഗ്രാമത്തിന് മുകളിലായി കൃത്രിമ തടാകം രൂപപ്പെടുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നു. അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് മൂന്ന് ഫുഡ്‌ബോൾ സ്റ്റേഡിയത്തിന്റെ വലിപ്പത്തിൽ തടാകം രൂപപ്പെട്ടിരിക്കുന്നത്.ചമോലിയിൽ നിന്ന് 350 മീറ്റർ ഉയരത്തിൽ ഒരു കുന്നിൽ അപകടകരമാം വിധമാണ് തടാകം രൂപപ്പെട്ടിരിക്കുന്നത്. റോന്തി നദിയുടെ കൈവഴിയായാണ് ഋഷിഗംഗ നദി ഒഴികിയിരുന്നത്. മിന്നൽപ്രളയത്തിൽ ഋഷിഗംഗ നദിയുടെ ഒഴുക്ക് പലയിടങ്ങളിലും തടസപ്പെട്ട നിലയിലാണ്. ഋഷിഗംഗയിലേക്ക് പോകേണ്ട ജലമാകാം കൃത്രിമ തടാകത്തിൽ ശേഖരിക്കപ്പെടുന്നതെന്നും അനുമാനങ്ങളുണ്ട്. തടാകത്തിൽ ജലം നിറഞ്ഞാൽ കുന്നിന് താങ്ങാനാകാതെ വരികയും മറ്റൊരു പ്രളയത്തിലേക്ക് ഇത് വഴിവയ്ക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.
പ്രദേശത്ത് നടക്കുന്ന രക്ഷാപ്രവർത്തനങ്ങളെ ഇത് ബാധിക്കുമെന്നതിനാൽ സാഹചര്യം വിലയിരുത്താൻ സംസ്ഥാന ദുരന്ത നിവാരണ സേന സംഭവസ്ഥലത്തെത്തി.