dinesh-trivedi

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടിയേകി മുതിർന്ന നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ദിനേഷ് ത്രിവേദി രാജ്യസഭാ എം.പി സ്ഥാനം രാജിവച്ചു. രാജ്യസഭയിൽ ബഡ്ജറ്റ് ചർച്ചയിൽ സംസാരിക്കവെ, അത്യന്തം നാടകീയമായാണ് രാജി പ്രഖ്യാപിച്ചത്. ദിനേഷ് ബി.ജെ.പിയിൽ ചേരുമെന്നാണ് വിവരം.

ബംഗാളിലെ അക്രമസംഭവങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച ത്രിവേദി ബംഗാൾ ജനതയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും പറ‌ഞ്ഞു.

ത്രിവേദിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ദേശീയ ജനറൽ സെക്രട്ടറി കൈലഷ് വിജയവർഗീയ പറഞ്ഞു.

പാർലമെന്റിലെ നരേന്ദ്രമോദിയുടെ പ്രസംഗത്തെ പുകഴ്ത്തി കഴിഞ്ഞദിവസം ദിനേഷ് ത്രിവേദി ട്വീറ്റ് ചെയ്തിരുന്നു. തൃണമൂലിലെ പ്രമുഖരായ രജിബ് ബാനർജി, സോവൻ ചാറ്റർജി, സുവേന്ദു അധികാരി എന്നിവർ രാജിവച്ച് ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ ദേശീയതലത്തിലെ തൃണമൂലിന്റെ പ്രമുഖ മുഖമായ ത്രിവേദിയുടെ രാജി മമതബാനർജിയെയും നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്.

സഭയിലേക്ക് അയച്ചതിൽ പാ‌ർട്ടിയോട് നന്ദിയുണ്ടെന്ന് ത്രിവേദി പറഞ്ഞു. ബംഗാളിലെ അക്രമസംഭവങ്ങളിൽ ഒന്നും ചെയ്യാൻ കഴിയാത്തതിൽ ശ്വാസംമുട്ടുകയാണ്. ഇവിടെയിരുന്ന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ രാജിവയ്ക്കാൻ എന്റെ മനസ് പറയുന്നു. ഞാൻ ഒറ്റയ്ക്കല്ല. എന്റെ പാർട്ടിയിലെ മറ്റുള്ളവർക്കും ഇതേ വികാരമാണ്. മമതയെ കണ്ടാണ് തൃണമൂലിൽ ചേർന്നത്. ഇപ്പോഴത് അവരുടെ പാർട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
രാജിവയ്ക്കുന്നതിന് നടപടിക്രമങ്ങളുണ്ടെന്നും എഴുതി നൽകണമെന്നും ത്രിവേദിയോട് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് നാരായൺ സിംഗ് പറഞ്ഞു. തുടർന്ന് രാജ്യസഭാ ചെയർമാൻ വെങ്കയ്യനായിഡുവിന്ത്രിവേദി രാജിക്കത്ത് കൈമാറി.
മൻമോഹൻ സിംഗ് സർക്കാരിൽ റെയിൽവേമന്ത്രിയും ആരോഗ്യ സഹമന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. 2011ൽ ബംഗാൾ മുഖ്യമന്ത്രിയാകാൻ മമത റെയിൽവേ മന്ത്രിസ്ഥാനം രാജിവച്ചപ്പോഴാണ് വിശ്വസ്തനായ ത്രിവേദിക്ക് വകുപ്പ് കൈമാറിയത്.
ബറാക്ക്പൂരിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്ന ത്രിവേദി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയോട് തോറ്റിരുന്നു. കഴിഞ്ഞവർഷം ഏപ്രിലിലാണ് മൂന്നാം ടേമിൽ രാജ്യസഭയിലെത്തിയത്.

കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി. പിന്നീട് ജനതാദൾ, അവിടുന്ന് തൃണമൂലിലേക്കും ചേക്കേറുകയായിരുന്നു.