india-china

മോദി ഇന്ത്യയുടെ ഭൂമി അടിയറവച്ചെന്ന് രാഹുൽ

ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രതിരോധമന്ത്രാലയം

ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ പാംഗോങ് തടാകക്കരയിൽ നിന്നുള്ള ഇന്ത്യ- ചൈന സേനാപിൻമാറ്റ ധാരണയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്രസർക്കാരും തമ്മിൽ രാഷ്ട്രീയ പോര്. ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് പ്രധാനമന്ത്രി അടിയറവച്ചെന്നും ജവാൻമാരുടെ ത്യാഗത്തെ കേന്ദ്രം അവഹേളിക്കുകയാണെന്നും വിമർശിച്ച രാഹുൽ കേന്ദ്രത്തോട് അ‌ഞ്ച് ചോദ്യങ്ങളും ഉന്നയിച്ചു. എന്നാൽ ഇന്ത്യയുടെ ഭൂമി വിട്ടുകൊടുത്തിട്ടില്ലെന്നും പാംഗോങ് പിൻമാറ്റ ധാരണയെ സംശയിക്കുന്നത് സൈനികരോടുള്ള അനാദരവാണെന്നും പ്രതിരോധ മന്ത്രാലയം തിരിച്ചടിച്ചു.

എന്തിന് ഫിംഗർ നാലിൽ നിന്ന് മൂന്നിലേക്ക് മാറി- രാഹുൽ

ഫിംഗർ നാല് ഇന്ത്യയുടെ പ്രദേശമാണ്. പരമ്പരാഗതമായി നമ്മുടെ പോസ്റ്റുള്ള ഇവിടെ നിന്ന് ഫിംഗർ മൂന്നിലേക്ക് മാറിയത് എന്തിനാണെന്ന് രാഹുൽ വാർത്താസമ്മേളനത്തിൽ ചോദിച്ചു. സേന കഠിനാദ്ധ്വാനത്തിലൂടെ പിടിച്ചെടുത്ത കൈലാസ് റേഞ്ചിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടത് എന്തിന്?.അതുകൊണ്ട് എന്ത് നേട്ടം? ഏറ്റവും തന്ത്രപ്രധാനമായ ഡെപ്‌സാംഗ് സമതലം ,ഗോഗ്ര-ഹോട്ട് സ്‌പ്രിംഗ് എന്നിവിടങ്ങളിൽ നിന്ന് ചൈന പിൻമാറാത്തത് എന്തുകൊണ്ട്?. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

ഫിംഗർ നാലിനപ്പുറവും ഇന്ത്യയുടേത് : കേന്ദ്രം

പിൻമാറ്റ ധാരണയുടെ ഭാഗമായി
ഇന്ത്യയുടെ ഒരു ഭൂപ്രദേശവും വിട്ടുകൊടുത്തിട്ടില്ലെന്ന് പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. യഥാർത്ഥ നിയന്ത്രണരേഖയിൽ ഏകപക്ഷീയമായി മാറ്റം വരുത്താനുള്ള ശ്രമം പ്രതിരോധിച്ചു. ഹോട്ട് സ്‌പ്രിംഗ്‌, ഗോഗ്ര, ഡെപ്‌സാംഗ് തുടങ്ങിയ ഇടങ്ങളിൽ പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ടെന്നും അതിൽ ചർച്ച നടക്കുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പാംഗോങ് പിൻമാറ്റം പൂർത്തിയായി 48 മണിക്കൂറിൽ മറ്റുള്ള പ്രശ്‌നമേഖലകളെക്കുറിച്ച് ചർച്ച നടക്കും.
ഫിംഗർ നാല് വരെയാണ് ഇന്ത്യൻ ഭൂപ്രദേശമെന്ന് പറയുന്നത് ശരിയല്ല. 1962ൽ ചൈന കൈയടക്കിയ 43,​000 ചതുരശ്ര കി.മീറ്ററിലേറെ പ്രദേശം ഇന്ത്യയുടേതാണ്. ഫിംഗർ എട്ടിലാണ് യഥാർത്ഥ നിയന്ത്രണരേഖ. അതുകൊണ്ടാണ് ഫിംഗർ എട്ടുവരെ പട്രോളിംഗിന് അവകാശമുണ്ടെന്ന നിലപാട് ഇന്ത്യ എടുക്കുന്നത്.
പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്ത് ഇരുരാജ്യങ്ങളുടെയും സ്ഥിരം പോസ്റ്റ് ദീർഘകാലമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയുടേത് ഫിംഗർ മൂന്നിന് സമീപമുള്ള ധൻ സിംഗ് താപ്പ പോസ്റ്റും ചൈനയുടേത് ഫിംഗർ എട്ടിന് കിഴക്കുമാണ്. നിലവിലെ കരാർ മുന്നോട്ട് കയറിയ സ്ഥലങ്ങളിൽ നിന്ന് പിന്മാറി പഴയ സ്ഥിരം പോസ്റ്റുകളിലേക്ക് മാറാനുള്ളതാണ്. ഈ നേട്ടത്തെ സംശയിക്കുന്നതിന് സൈന്യത്തോടുള്ള അനാദരവാണെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

ആരാണ് ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് അടിയറ വച്ചതെന്ന് രാഹുൽ മുത്തച്ഛനോട് ( നെഹ്‌റു) ചോദിക്കണം. അപ്പോൾ ഉത്തരം ലഭിക്കും. ആരാണ് രാജ്യസ്‌നേഹി, ആരല്ല എന്ന് ജനങ്ങൾക്കറിയാം.

--ജി.കിഷൻ റെഡ്ഡി
കേന്ദ്ര ആഭ്യന്തരസഹമന്ത്രി